Connect with us

Kozhikode

പന്തീര്‍പാടത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫോട്ടോയെടുക്കല്‍ ബഹളത്തില്‍ മുങ്ങി

Published

|

Last Updated

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പന്തീര്‍പാടം പാലക്കല്‍ സെന്ററില്‍ ഇന്നലെ നടന്ന ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ ഫോട്ടോയെടുക്കല്‍ ജനങ്ങള്‍ക്ക് ദുരിതമായി.
കൈക്കുഞ്ഞുമായി എത്തിയവര്‍ക്കും വൃദ്ധന്‍മാര്‍ക്കും രോഗികളായവര്‍ക്കും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. ഒന്ന്, ഏഴ്, 23 വാര്‍ഡുകളിലുള്ളവര്‍ക്കാണ് ഇവിടെ ഫോട്ടോയെടുക്കുവാന്‍ അവസരമുണ്ടായിരുന്നത്. ഇതിന് വേണ്ടി അതിരാവിലെ തന്നെ ജനങ്ങളുടെ നീണ്ട ക്യൂവായിരുന്നു.
വൈകുന്നേരമായതോടെ ജോലിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥര്‍ പോയതോടെ ഫോട്ടോയെടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിട്ടത് ജനങ്ങളെ പ്രകോപിതരാക്കി. രാവിലെ മുതല്‍ കാത്തിരുന്ന ജനങ്ങള്‍ സംഘടിച്ച് ബഹളം വെച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഉടന്‍, കുന്ദമംഗലം എ എസ് ഐ പ്രകാശന്റെ നേതൃത്വത്തില്‍ പോലീസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എ പി സഫിയ, ഗ്രാമപഞ്ചായത്ത് അംഗം ഒ സലിം എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥന്മാരുമായും ജനങ്ങളുമായും സംസാരിച്ചതിനെത്തുടര്‍ന്നാണ് ജനം ശാന്തരായത്. ക്യൂവിലുണ്ടാവുകയും പണമടച്ച് സ്ലിപ്പ് വാങ്ങിയവര്‍ക്കും ഇന്ന് രാവിലെ പത്ത് മണിമുതല്‍ ഫോട്ടോയെടുക്കാന്‍ അവസരമുണ്ടാക്കുമെന്നും ജനങ്ങള്‍ക്ക് കസേര, കുടിവെള്ളവും മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കുമെന്നും ഇവര്‍ ഉറപ്പുനല്‍കി. രാത്രി വൈകിയും ഇവിടെ ഫോട്ടോയെടുക്കല്‍ തുടര്‍ന്നു.
സൗകര്യം കുറഞ്ഞ കേന്ദ്രങ്ങളില്‍ ഒന്നിലധികം വാര്‍ഡുകളിലുള്ളവര്‍ക്ക് ഫോട്ടോയെടുക്കുവാന്‍ സൗകര്യമൊരുക്കിയതാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടായത്. വെള്ളിയാഴ്ച ദിവസം ഫോട്ടോയെടുക്കാന്‍ തിരഞ്ഞെടുത്തതും ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി. ഫോട്ടോയെടുക്കാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനികള്‍ ഗ്രാമപഞ്ചായത്തിനെ അറിയിക്കാതെയാണ് ഫോട്ടോയെടുക്കുന്ന സെന്ററുകളും മറ്റും തിരഞ്ഞെടുത്തതെന്നും ഓരോ പ്രദേശത്തെയും അവസ്ഥ നോക്കാതെ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതാണ് ജനങ്ങളുടെ ബുദ്ധിമുട്ടിനിടയാക്കിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട പറഞ്ഞു.

Latest