ബെബെറ്റൊ ബ്രസീല്‍ യൂത്ത് ടീം പരിശീലക സ്ഥാനമൊഴിഞ്ഞു

Posted on: March 9, 2013 12:58 am | Last updated: March 9, 2013 at 12:58 am
SHARE

സാവോപോളോ: ബ്രസീലിന്റെ മുന്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ ബെബെറ്റോ ദേശീയ യൂത്ത് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. ജോലി ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിലാണ് ബെബെറ്റോയുടെ രാജി. സമയക്കുറവ് കാരണം ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ചാണ് ബെബെറ്റോയുടെ പിന്‍മാറ്റം. 2014 ലോകകപ്പ് സംഘാടക സമിതിയുടെ മൂന്ന് പ്രാദേശിക അംഗങ്ങളില്‍ ഒരാളായ ബെബെറ്റോ റിയോ ഡി ജനീറോ നിയമ നിര്‍വഹണ സമിതി അംഗം കൂടിയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ യൂത്ത് ടീമിന്റെ പരിശീലക ജോലി നിര്‍വഹണം ബെബെറ്റോക്ക് ദുഷ്‌കരമായി. ലാറ്റിനമേരിക്കന്‍ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ ഒരു ജയവുമായി പ്രാഥമിക റൗണ്ടില്‍ ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്നാണ് ബെബെറ്റോയെ നിയമിച്ചത്. ബ്രസീലില്‍ റിയോ ഡി ജനീറോ കേന്ദ്രീകരിച്ചുള്ള അമേരിക്ക ക്ലബ്ബിനെ മാത്രമാണ് ബെബെറ്റോ പരിശീലിപ്പിച്ചത്. അതാകട്ടെ,എട്ട് മത്സരങ്ങള്‍ മാത്രം. ഫ്‌ളെമംഗോ, വാസ്‌കോ ഡ ഗാമ എന്നീ ബ്രസീല്‍ ക്ലബ്ബുകളിലും സ്പാനിഷ് ക്ലബ്ബ് ഡിപോര്‍ട്ടീവോ ല കൊരുണയിലുമാണ് ബെബെറ്റോ കളിച്ചത്. 1994 ലോകകപ്പില്‍ ബെബെറ്റോ തൊട്ടിലാട്ടം നടത്തി ഗോള്‍ ആഘോഷിച്ചത് മായാകാഴ്ചയാണ്. ഇതിന്റെ പേരിലാണ് ബെബെറ്റോയെ ലോകം ഓര്‍ക്കുന്നതും.