ഇന്ത്യന്‍ പെണ്മ

Posted on: March 9, 2013 12:56 am | Last updated: March 9, 2013 at 12:56 am
SHARE

Sainaബിമിംഗ്ഹാം: ഇന്ത്യക്ക് ആദ്യ ബാഡ്മിന്റണ്‍ ഒളിമ്പിക് മെഡല്‍ നേടിത്തന്ന സൈന നെഹ്‌വാള്‍ ബാഡ്മിന്റണിലെ വിംബിള്‍ഡണ്‍ എന്ന് വിശേഷണമുള്ള ആള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ലോക മൂന്നാം നമ്പര്‍ ആയ സൈന ഇന്തോനേഷ്യയുടെ ബെലാട്രിക്‌സ് മനുപുടിയെ നേരിട്ട ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 21-16,21-11.
ദേശീയ ഇന്‍ഡോര്‍ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരം 34 മിനുട്ടിനുള്ളിലാണ് സൈന ജയിച്ചത്. ഇരുപത്തിരണ്ടുകാരിയുടെ അടുത്ത എതിരാളി ആറാം സീഡായ ചൈനയുടെ ഷിസിയാന്‍ വാംഗ് ആണ്.
മറ്റൊരു വനിതാ പ്രതീക്ഷയായ പി വി സിന്ധുവിന് ആദ്യ റൗണ്ടിലെ വിജയചൈതന്യം നിലനിര്‍ത്താനായില്ല. ലോക പതിനാറാം നമ്പര്‍ ആയ സിന്ധു ജര്‍മനിയുടെ ജൂലിയന്‍ റോഡിന് മുന്നില്‍ രണ്ടാം റൗണ്ട് പരാജയമേറ്റു. ആദ്യ ഗെയിമില്‍ 21-17ന് പൊരുതിത്തോറ്റ സിന്ധു രണ്ടാം ഗെയിം 21-14ന് കൈവിട്ടു.
പുരുഷ സിംഗിള്‍സില്‍ പി കശ്യപ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ സൗരഭ് വര്‍മ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. കശ്യപ് തോല്‍പ്പിച്ചത് ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം കെനിചി ടാഗോയെയാണ്. 21-18,21-12 നേരിട്ട ഗെയിമുകള്‍ക്കാണ് കശ്യപിന്റെ ജയം. അതേ സമയം,സൗരഭ് വര്‍മ വിയറ്റ്‌നാമിന്റെ ടിന്‍ മിന്‍ഹ് ഗ്യുയെനോട് 19-21,19-21ന് നേരിട്ട ഗെയിമുകള്‍ക്ക് തോല്‍വി സമ്മതിച്ചു. ചൈനയുടെ സെമിംഗ് വാംഗിനോട് പരാജയപ്പെട്ട് അജയ് ജയറാം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ പച്ചതൊട്ടില്ല. ജ്വാല ഗുട്ട-വി ദിജു സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. പോളണ്ടിന്റെ റോബര്‍ട് മാത്യുസിയാക്-നദീസ്ദ സീബ സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ തടഞ്ഞത്. 21-17,21-16നായിരുന്നു പോളിഷ് സഖ്യത്തിന്റെ ജയം.
ആള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷ സൈന നെഹ്‌വാളില്‍ മാത്രമാണെന്ന് പറയാം. ഇന്തോനേഷ്യന്‍ താരത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ സൈന സമ്മര്‍ദത്തെ അതിജീവിച്ചാണ് ക്വാര്‍ട്ടറിലേക്ക് കാലൂന്നിയത്.
ആദ്യ ഗെയിമില്‍ 7-3ന് ലീഡ് ചെയ്ത സൈന 11-7നും പിന്നീട് 12-12നും പിറകിലായി. ഇവിടെ നിന്ന് സൈന കുറേക്കൂടി മെച്ചപ്പെട്ടു. എതിരാളിക്ക് നാല് പോയിന്റ് മാത്രം നല്‍കി സൈന ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ സൈന മേധാവിത്വം പുലര്‍ത്തി.
11-2ന് ലീഡ് ചെയ്ത സൈന എതിരാളിക്ക് തിരിച്ചുവരവിനുള്ള അവസരം നല്‍കിയില്ല.