Connect with us

Editorial

സര്‍ക്കാര്‍ ഓഫീസും ജനങ്ങളും

Published

|

Last Updated

പൊതുജനങ്ങളുമായി അഭേദ്യ ബന്ധം പുലര്‍ത്തി വരുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സേവന മേഖലയുടെ പരിധിയിലാണ് എണ്ണപ്പെടുന്നത്. ജനസേവകരെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിശേഷിപ്പിക്കാറ്. എന്നാല്‍ ഈ വിശേഷണം അംഗീകരിക്കാന്‍ സാധാരണക്കാരിലെത്ര പേര്‍ സന്നദ്ധരാകും? സര്‍ക്കാര്‍ ഓഫീസുകളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും തലകറക്കം വരും. ഏതെങ്കിലുമൊരാവശ്യവുമായി സമീപിക്കുന്നവരെ വെറുതെ വട്ടം കറക്കുന്ന ദുരനുഭവമാണ് വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ച് ഒട്ടു മിക്കപേര്‍ക്കും അയവിറക്കാനുണ്ടാകുക. ഇതിനറുതി വരുത്തി സേവനാര്‍ഥരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ പല പരിഷ്‌കരണങ്ങളും ഇതിനകം കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്തു ഫലം? ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി ഇന്നും പഴയപടി തന്നെ. കാര്യക്ഷമമായും സമയബന്ധിതമായും കൃത്യനിര്‍വഹണം നടത്തുന്ന ഓഫീസുകളും ഉദ്യോഗസ്ഥരും ഇപ്പോഴും വിരളം. സര്‍ക്കാര്‍ സേവനത്തില്‍ കാലതാമസവും കൃത്യവിലോപവും കാണിച്ചാല്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലമിതാണ്.
ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ”റൈറ്റ്‌സ് ഓഫ് സിറ്റിസണ്‍സ് ഫോര്‍ ടൈംബൗണ്ട് ഡെലിവറി ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ്” എന്ന ബില്ലില്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യസമയത്ത് നല്‍കാതെ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 250 മുതല്‍ അര ലക്ഷം വരെ രൂപ പിഴ വ്യവസ്ഥ ചെയ്യുന്നു. വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ തോതില്‍ ഉദ്യോസ്ഥന്റെ ശമ്പളത്തില്‍ നിന്നായിരിക്കും പിഴ ഈടാക്കുക. ജോലിയില്‍ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സമര്‍പ്പിക്കുന്ന പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്കും ഈ പിഴ ബാധകമായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതികളും, സര്‍ക്കാര്‍ സേവനം നിര്‍വഹിക്കാന്‍ കരാര്‍ എടുക്കുന്ന സ്ഥാപനങ്ങളും ബില്ലിന്റെ പരിധിയില്‍ വരും.
ബില്‍ സ്വാഗതാര്‍ഹം തന്നെ. സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയും മാനിക്കപ്പെടേണ്ടതാണ്. പക്ഷേ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അഭാവമാണോ സര്‍ക്കാര്‍ ഓഫീസുകളിലെ അലസതക്കും കാര്യക്ഷമതയില്ലായ്മക്കും ഹേതു? നിലവിലുള്ള ചട്ടങ്ങളനുസരിച്ചു തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഇന്ന ദിവസത്തിനകം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. മിക്ക ഓഫീസുകളിലും അതെഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. നിശ്ചിത സമയത്തിനകം ലഭിക്കാറില്ലെന്ന് മാത്രം. കൈക്കൂലി ശിക്ഷാര്‍ഹമാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ വിജിലന്‍സിനെ വിവരമറിയിക്കണമെന്നും വിജിലന്‍സ് ഓഫീസിന്റെ ഫോണ്‍ നമ്പര്‍ സഹിതം സര്‍ക്കാര്‍ ഓഫീസുകളിലും ആതുരാലയങ്ങളിലും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൈക്കൂലിമുക്തമായ എത്ര ഓഫീസകളുണ്ട് നമ്മുടെ നാട്ടില്‍? മാധ്യമങ്ങളില്‍ കൈക്കൂലിക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥരുടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാത്ത ദിനങ്ങള്‍ അപൂര്‍വം. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പുതിയ ചട്ടങ്ങള്‍ പാലിക്കാനുള്ള ധാര്‍മിക ബോധം പ്രകടിപ്പിക്കുന്നതിന് പകരം അവയെ മറികടക്കാനുള്ള പഴുതകളെന്തെല്ലാമെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും താത്പര്യം. അക്കാര്യത്തില്‍ അസാമാന്യ മിടുക്കും അവര്‍ പ്രകടിപ്പിക്കാറുണ്ട്.
മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനത്തിലും പൊതുജനത്തിന്റെ പരാതി പരിഹരിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ (ജി ആര്‍ ഒ) നിയമിക്കണമെന്ന് പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. സേവനത്തില്‍ കാലതാമസം വരുത്തുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്താല്‍ പരാതി നല്‍കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. പുതിയ ഒരു തസ്തിക കൂടി സൃഷ്ടിക്കാമെന്നതിലപ്പുറം ഈ ഉദ്യോഗസ്ഥന് എത്രത്തോളം കൃത്യനിര്‍വഹണം കാര്യക്ഷമമായി നടത്താനാകും? നിരവധി ഉദ്യോഗസ്ഥരുള്ള ഒരു സര്‍ക്കാര്‍ ഓഫീസില്‍ ആ കൂട്ടായ്മയില്‍ നിന്ന് വേറിട്ടു നിന്ന് അവരുടെ കൃത്യവിലോപത്തിനും അഴിമതിക്കുമെതിരെ വിരലോങ്ങാനുള്ള ധൈര്യം പ്രകടിപ്പിക്കാന്‍ എത്ര ജി ആര്‍ ഒ മാര്‍ക്ക് സാധിക്കും. പകരം മറ്റുള്ളവരുമായി ഇഴുകിച്ചേര്‍ന്ന് അവര്‍ വാങ്ങുന്ന കൈക്കൂലിയില്‍ ഒരു പങ്ക് കൈപ്പറ്റുന്ന ദുരവസ്ഥയിലേക്ക് ഇവരും തരം താഴാനാണ് സാധ്യതയെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിലല്ല നടപ്പാക്കാനുള്ള ആര്‍ജവമാണ് ഭരണകൂടങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. അലസതയും കൃത്യവിലോപവും കാണിക്കുന്ന ഉദ്യോഗസ്ഥരെ പക്ഷേ, അഴിമതിയില്‍ പുതിയ ചരിത്രം രചിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളുമടങ്ങുന്ന ഭരണവര്‍ഗം എങ്ങനെ നിയന്ത്രിക്കും?

Latest