ജെയ്റ്റ്‌ലിക്ക് പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശം

Posted on: March 9, 2013 12:39 am | Last updated: March 9, 2013 at 12:39 am
SHARE

manmohanന്യൂഡല്‍ഹി: പ്രതിപക്ഷത്തെയും ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. രാജ്യം ഏഴ്- എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് ഉറപ്പാണ്. എന്നാല്‍, സര്‍ക്കാറിനെ വിമര്‍ശിക്കുമ്പോള്‍ വസ്തുനിഷ്ഠമായിരിക്കണമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
‘രാജ്യം ഏഴ്- എട്ട് ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് അംഗീകരിക്കുന്നു. ഇത് യു പി എ സര്‍ക്കാറിന്റെ വ്യക്തമായ ലക്ഷ്യമാണെന്ന് ഈ സഭയെ ഞാന്‍ അറിയിക്കുന്നു.’- രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയവേ മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. യു പി എ സര്‍ക്കാറിനെ വിലയിരുത്തുമ്പോള്‍ ജെയ്റ്റ്‌ലി അല്‍പ്പം കൂടി വസ്തുനിഷ്ഠത പാലിക്കണം. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വന്‍ വളര്‍ച്ചയാണ് യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായിരിക്കുന്നത്. നല്ലതായാലും ചീത്തയായാലും അസൂയകൊണ്ട് എല്ലാത്തിനെയും താഴ്ത്തിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരിച്ച 1998- 2004 കാലത്തെ അപേക്ഷിച്ച് യു പി എ ഭരണ സമയത്ത് വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന അവസ്ഥയിലാണ്. 2012- 13 സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനമാണ് വളര്‍ച്ചാ നിരക്കെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തെ നേരിട്ട് ആക്രമിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത് ബി ജെ പി പാളയത്തെ ഞെട്ടിച്ചിട്ടുണ്ട്.