ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍: മമതാ ബാനര്‍ജി

Posted on: March 9, 2013 12:36 am | Last updated: March 9, 2013 at 12:36 am
SHARE

Mamta-banerjeeകൊല്‍ക്കത്ത: അടുത്ത രണ്ട് മൂന്ന് മാസത്തിനകം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ വകുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയില്‍ തിരിച്ചു വന്നേക്കാമെന്നും വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്ര ഭരണത്തിലും സഖ്യത്തിലും വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നുവെന്ന സൂചന നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സമയം അടുത്തിരിക്കുന്നു. രണ്ട് മൂന്ന് മാസത്തിനകം അത് നടക്കും. ബംഗാളിന്റെ ശബ്ദം അടിച്ചമര്‍ത്താമെന്നും ബംഗാളിനായി നേരത്തേ അനുവദിക്കപ്പെട്ട പദ്ധതികള്‍ അട്ടിമറിക്കാമെന്നും ആരെങ്കിലും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. തങ്ങള്‍ ആഗ്രഹിച്ചാല്‍ ഇപ്പോഴും റെയില്‍വേ വകുപ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തും- മമതാ ബാനര്‍ജി പറഞ്ഞു.
താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ട്രെയിനിനകത്ത് പാറ്റയുണ്ട്, എലികളുണ്ട് എന്ന് ദൃശ്യസഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ചില ചാനലുകളുടെ പതിവ്. അവയൊക്കെ ഇന്ന് അമേരിക്കയില്‍ പോയോ എന്ന് മമത ചോദിച്ചു. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന ഫണ്ട് പലിശയിനത്തില്‍ അവര്‍ തന്നെ തിരിച്ച് പിടിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.