Connect with us

Kozhikode

ടി പി ചന്ദ്രശേഖരന്‍ വധം ഒരു സാക്ഷി കൂടി കൂറുമാറി

Published

|

Last Updated

കോഴിക്കോട്::ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. മാഹി സ്വദേശിയും സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും 14-ാം സാക്ഷിയുമായ പി വി വിജേഷാണ് പ്രതിഭാഗത്തിന് അനൂകൂലമായി കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികള്‍ രണ്ടായി. നേരത്തെ ഒമ്പതാം സാക്ഷി കൊച്ചക്കാലന്‍ സുമേഷ് വിചാരണാവേളയില്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയിരുന്നു. കൊലനടത്താനുള്ള പദ്ധതിക്ക് സിം കാര്‍ഡ് എടുക്കാന്‍ സഹായിച്ചത് വിജേഷ് ആണെന്നാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. എന്നാല്‍ താന്‍ നേരത്തെ പയ്യോളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ രണ്ടുതവണ നല്‍കിയ മൊഴി കള്ളമായിരുന്നെന്നും കേസില്‍ പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നും വിജേഷ് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന സി പി എം കുന്നൂമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ സി രാമചന്ദ്രന്‍ സിം കാര്‍ഡ് സ്വന്തമാക്കിയത് വിജേഷിന്റെ അമ്മ സുശീലയുടെ പേരിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുശീലയുടെ തിരിച്ചറിയല്‍ രേഖയാണ് ഇതിനായി ഉപയോഗിച്ചത്. സിമ്മില്‍ നിന്ന് ഏറ്റവും ആദ്യത്തെ കോള്‍ പോയത് കേസുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്ന സി പി എം പ്രാദേശിക നേതാവ് മോഹനന്റെ നമ്പറിലേക്കാണെന്നും കണ്ടെത്തിയിരുന്നു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്രിമിനല്‍ സംഘങ്ങളെ വിളിക്കാനുള്‍പ്പെടെ ഈ സിം കാര്‍ഡാണ് ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.എന്നാല്‍ താന്‍ ആര്‍ക്കും സിം എടുത്തുനല്‍കിയിട്ടില്ലെന്ന് വിജേഷ് മൊഴി നല്‍കി. അമ്മയുടെ പേരിലെടുത്ത കണക്ഷന്റെ കോപ്പികള്‍ പ്രോസിക്യൂഷന്‍ കാണിച്ചപ്പോള്‍ ഇത് തനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മറുപടി. സ്വന്തം അമ്മയുടെ ചിത്രം പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഫോട്ടോസ്റ്റാറ്റ് കോപ്പിയായതിനാല്‍ വ്യക്തമല്ലെന്നും താന്‍ കണക്ഷക്ഷനെടുക്കാന്‍ ഈ രേഖകള്‍ എവിടെയും നല്‍കിയിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ കൂറുമാറുമെന്ന് പ്രോസിക്യൂഷനു സംശയമുണ്ടായിരുന്നതിനാല്‍ 164-ാം വകുപ്പ് പ്രകാരം പോലീസ് പയ്യോളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2012 ജൂണ്‍ രണ്ട്, ജൂലായ് രണ്ട് തീയതികളിലാണ് മൊഴിരേഖപ്പെടുത്തിയിരുന്നത്. വിജേഷ് ആദ്യം നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണ് രണ്ട് തവണ ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് മൊഴിയിലും ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല മൊഴിനല്‍കുന്നതെന്ന് സാക്ഷി അറിയിക്കുകയും മൊഴിയുടെ പകര്‍പ്പില്‍ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ വിജേഷ് നിഷേധിച്ചിരിക്കുകയാണ്.രാവിലെ കോടതി ആരംഭിച്ച ഉടനെ പ്രതി സാക്ഷി കൂറുമാറിയോയെന്ന് സംശയമുള്ളതിനാല്‍ ഇയാളെ വിസ്തരിക്കുന്നതിനു പകരം ക്രോസ് വിസ്താരത്തിന് അനുമതി നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍ കുട്ടിയുടെ ആവശ്യം ജഡ്ജ് നാരായണ പിഷാരടി അനുവദിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ചോദ്യങ്ങളോട് പലപ്പോഴും നിഷേധ മനോഭാവം സ്വീകരിച്ച ഇയാള്‍ താന്‍ മുമ്പ് സി പി എം പ്രവര്‍ത്തകനായിരുന്നുവെന്നും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ രണ്ട് കേസുകള്‍ നിലനില്‍ക്കുന്നണ്ടെന്നും ചോദ്യത്തിനു മറുപടിയായി അറിയിച്ചു. കേസ് നടത്തുന്നത് സി പി എം ആണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി.

Latest