ഗണേഷിനെതിരെ പരാതി ലഭിച്ചിട്ടില്ല : ഉമ്മന്‍ ചാണ്ടി

Posted on: March 9, 2013 12:15 am | Last updated: March 9, 2013 at 12:15 am
SHARE

കണ്ണൂര്‍: മന്ത്രി ഗണേഷ് കുമാറിനെതിരെ തനിക്ക് പരാതി ലഭിച്ചുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ടോ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതുകൊണ്ടോ പരാതി നല്‍കിയെന്നത് യാഥാര്‍ഥ്യമാകണമെന്നില്ല. ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി പരാതി നല്‍കിയിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ട്രെയിന്‍ മാര്‍ഗം ഇന്നലെ രാവിലെ ആറോടെയാണ് ഉമ്മന്‍ ചാണ്ടി കണ്ണൂരിലെത്തിയത്. ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു. കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ഐ ജി. ജോസ് ജോര്‍ജ്, എസ് പി. രാഹുല്‍ ആര്‍ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.