ഡാം പരിശോധനക്കിടെ സേഫ്റ്റി അതോറിറ്റി സംഘത്തിന് കടന്നല്‍കുത്ത്‌

Posted on: March 9, 2013 12:12 am | Last updated: March 9, 2013 at 12:12 am
SHARE

തൊടുപുഴ: അണക്കെട്ടുകളിലെ ചോര്‍ച്ച പരിശോധിക്കുന്നതിന്റെ ഭാഗമായി ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനക്കെത്തിയ ഡാം സേഫ്റ്റി അതോറിറ്റി സംഘത്തിന് നേരെ കടന്നല്‍ ആക്രമണം. മാധ്യമപ്രവര്‍ത്തകരടക്കം 26 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. സെസ് ഡയറക്ടര്‍, ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ എന്നിവരുടെ പരുക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ അടിമാലി, കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
രാവിലെ രാജാക്കാട് കുത്തുങ്കല്‍ അണക്കെട്ടില്‍ പരിശോധനക്ക് ശേഷമാണ് സംഘം ലോവര്‍ പെരിയാറിലെത്തിയത്. പരിശോധനയുടെ ഭാഗമായി അണക്കെട്ടിന് മുകളിലൂടെ നടക്കുമ്പോള്‍ സമീപത്തെ പാംബ്ല വനമേഖലയില്‍ നിന്നുമെത്തിയ കടന്നല്‍ കൂട്ടം അക്രമിക്കുകയായിരുന്നു. കുത്തേറ്റതോടെ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഓടി വാഹനങ്ങളില്‍ രക്ഷപ്പെട്ടു. എട്ടോളം പേര്‍ അടിമാലിയിലും ബാക്കിയുള്ളവര്‍ എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടി.