പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു: കെ എം ഷാജി

Posted on: March 9, 2013 12:11 am | Last updated: March 9, 2013 at 12:11 am
SHARE

കണ്ണൂര്‍: പാര്‍ട്ടി പൊതുയോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗം വിവാദമായിരിക്കെ കെ എം ഷാജി എം എല്‍ എ വിശദീകരണവുമായി രംഗത്ത്. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നരഭോജി തന്നെയാണ്. താന്‍ നരേന്ദ്ര മോഡിയെ ന്യായീകരിച്ച് സംസാരിച്ചുവെന്ന മാധ്യമങ്ങളുടെ പ്രചാരണം അവാസ്തവമാണ്. തന്റെ പ്രസംഗത്തിന്റെ വസ്തുതകള്‍ അടര്‍ത്തിമാറ്റി വ്യാജമായി നല്‍കിയത് മാധ്യമ നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയെ കുറിച്ചുള്ള തന്റെ നിലപാട് സുവ്യക്തമാണ്. ഗുജറാത്ത് കലാപത്തെകുറിച്ച് താന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഫാസിസ്റ്റ് ഭരണകര്‍ത്താവാണ് മോഡി. നരേന്ദ്ര മോഡിയുടെത് ഹിന്ദുവിന്റെ സംസ്‌കാരമല്ല. അത് ഹിന്ദുത്വ അജന്‍ഡയാണ്. നിരപരാധികളെ കൊന്നൊടുക്കാന്‍ കൂട്ടു നിന്ന മോഡിയുടെ ഗുജറാത്ത് വികസനം നഗരങ്ങളില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തെക്കുറിച്ച് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും കെ എം ഷാജി അറിയിച്ചു. പാനൂരിനടുത്ത കടവത്തൂരില്‍ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ ഷാജി നടത്തിയ പ്രസംഗമാണ് വിവാദമായത്.