മഅ്ദനിയുടെ സുരക്ഷാ ചുമതല എ ഡി ജി പി ഹേമചന്ദ്രന്

Posted on: March 9, 2013 12:10 am | Last updated: March 9, 2013 at 12:10 am
SHARE

കോട്ടയം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരളത്തിലെ സുരക്ഷാ ചുമതല എ ഡി ജി പി ഹേമചന്ദ്രന്‍ വഹിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജുമായി കോട്ടയത്ത് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കന്‍ ഈ മാസം 12 വരെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടക കോടതി ജാമ്യ വ്യവസ്ഥയില്‍ പറയുന്നതു പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 10.30ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മഅ്ദനിയെ ഐ സി യു സൗകര്യമുള്ള ആംബുലന്‍സില്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെത്തിക്കുമെന്ന് പൂന്തുറ സിറാജ് പറഞ്ഞു.
ആശുപത്രിയില്‍ വിശ്രമിക്കുന്ന മഅ്ദനി നാളെ രാവിലെ പതിനൊന്നോടെ മകളുടെ വിവാഹം നടക്കുന്ന കൊട്ടിയത്തെ സുമയ്യ ഓഡിറ്റോറിയത്തിലെത്തും. വിവാഹത്തിനു ശേഷം വീണ്ടും അസീസിയ ആശുപത്രിയിലെത്തുന്ന മഅ്ദനി തിങ്കളാഴ്ച രാവിലെ ശാസ്താംകോട്ടയിലെ വീട്ടിലെത്തി രോഗ ബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. 12ന് രാവിലെ തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ ബംഗളൂരുവിലേക്ക് മടങ്ങും.