ഹരിദത്തിന്റെ മരണം: സുപ്രീം കോടതി രണ്ടാഴ്ച സമയം നല്‍കി

Posted on: March 9, 2013 12:07 am | Last updated: March 9, 2013 at 12:07 am
SHARE

supreme courtന്യൂഡല്‍ഹി: പുത്തൂര്‍ ഷീല കൊലക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കസ്റ്റഡി മരണമന്വേഷിച്ച സി ബി ഐ. ഡി വൈ എസ് പി. ഹരിദത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ നായര്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെ എടുത്ത കേസും തുടര്‍നടപടികളും കഴിഞ്ഞ ഡിസംബര്‍ 14ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അഭിഭാഷകന് ഹാജരാകാന്‍ കഴിയില്ലെന്നും തങ്ങള്‍ക്ക് രണ്ടാഴ്ച സമയം വേണമെന്നുമുള്ള ഉണ്ണിക്കൃഷ്ണന്‍ നായരുടെയും കെ കെ രാജന്റെയും അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ചന്ദ്രമൗലി കെ ആര്‍ പ്രസാദ്, വി ഗോപാല്‍ ഗൗഡ എന്നിവരടങ്ങിയ ബഞ്ച് സമയം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ രമേശ്ബാബു ഹാജരായി.
2010 മാര്‍ച്ച് 23നാണ് പുത്തൂരില്‍ ഷീലയെന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കെണ്ടത്തിയത്.
ഈ കേസില്‍ മാര്‍ച്ച് 28ന് കസ്റ്റഡിയിലായ സമ്പത്ത് 29ന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ കേസ് അന്വേഷിച്ച ഹരിദത്ത് 2012ല്‍ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തു. മരണക്കുറിപ്പില്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കെ കെ രാജന്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നു. തുടര്‍ന്നാണ് കേസ് തുടങ്ങിയത്. ആത്മഹത്യാക്കുറിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരുടെയും പേരുണ്ടെന്നത് അവര്‍ക്കെതിരേ കേസെടുക്കാന്‍ മതിയായ കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്ന് ഭര്‍ത്താവിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന ഹരിദത്തിന്റെ ഭാര്യയുടെ മൊഴി കഴമ്പില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.