Connect with us

Eranakulam

കൊച്ചിയില്‍ നിന്ന് ഒളിച്ചോടിയ വിദ്യാര്‍ഥികള്‍ പിടിയിലായത് മധ്യപ്രദേശിലെ ലോഡ്ജില്‍ നിന്ന്

Published

|

Last Updated

കൊച്ചി: വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ചൊവ്വാഴ്ച മുതല്‍ കാണാതായ രണ്ട് പെണ്‍കുട്ടികളടക്കമുള്ള നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മധ്യപ്രദേശിലെ ഒരു ലോഡ്ജില്‍ നിന്ന് കണ്ടെത്തി.
രക്ഷിതാക്കള്‍ക്കൊപ്പം അവിടേക്ക് തിരിച്ച പോലീസ് സംഘം കുട്ടികളെ മധ്യപ്രദേശ് പോലീസിന്റെ പക്കല്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി. ഇവരെ ഇന്ന് കൊച്ചിയില്‍ കൊണ്ടുവരും.
ഉത്തരേന്ത്യക്കാരായ നേവി ഉദ്യോഗസ്ഥരുടെയും സി ഐ എസ് എഫ് ഉദ്യോഗസ്ഥന്റെയും മക്കളായ കുട്ടികള്‍ പ്രണയം മൂത്ത് ഒളിച്ചോടിയതാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലുള്ള ഇറ്റാര്‍സി ടൗണിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ലോഡ്ജില്‍ മുറിയെടുക്കാനെത്തിയതില്‍ അസ്വാഭാവികത തോന്നിയ ലോഡ്ജ് അധികൃതര്‍ ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് പോലീസുമായി ബന്ധപ്പെടുകയും ലോഡ്ജില്‍ നിന്നും കുട്ടികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രണ്ട് എസ് ഐമാരുടെ നേതൃത്വത്തില്‍ ഇന്നലെ വിമാനമാര്‍ഗം മധ്യപ്രദേശിലെത്തിയ പോലീസും രക്ഷിതാക്കളും സ്‌റ്റേഷനില്‍ നിന്ന് ഇന്ന് കുട്ടികളെ ഏറ്റുവാങ്ങി.
മുണ്ടംവേലി, ഐലന്‍ഡ്, നേവല്‍ ബേസ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ മക്കളാണ് ചൊവ്വാഴ്ച ഉച്ചക്ക് രക്ഷിതാക്കളെ അറിയിക്കാതെ നാടുവിട്ടത്.

Latest