തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ കെട്ടിട നിര്‍മാണം നിര്‍ത്തി വെക്കുന്നു

Posted on: March 8, 2013 11:10 am | Last updated: March 8, 2013 at 11:10 am
SHARE

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാകെട്ടിട നിര്‍മാണം നിര്‍ത്തിവെക്കുന്നു. കെട്ടിടം ഉണ്ടാക്കുന്നതിനടുത്തുള്ള ഭീമമായ രണ്ട് ചീനിമരം മുറിക്കാന്‍ അധികൃതര്‍ അനുമതി നല്‍കാത്തതാണ് നിര്‍മാണജോലിക്ക് തടസ്സമായിട്ടുള്ളത്. ഇരുനില കെട്ടിടം മരം മുറിച്ചുമാറ്റാതെ നിര്‍മിക്കാന്‍ സാധിക്കുകയില്ല.
കോണ്‍ക്രീറ്റ് ഫില്ലറുകള്‍ക്കുള്ള ജോലിയും കെട്ടിടത്തിന്റെ അടിത്തറയും പൂര്‍ത്തിയാക്കി പണിനിര്‍ത്തിവെക്കാനാണ് നീക്കം. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ നിര്‍മാണം തുടങ്ങുന്നതിന്റെ രണ്ട് മാസം മുമ്പ് തന്നെ ഫോറസ്റ്റ് അധികൃതര്‍ക്ക് നിവേദനം നല്‍കിയതാണ്. ഡിസംബര്‍ 12നാണ് നിവേദനം നല്‍കിയത്.
പിന്നീട് ഫെബ്രുവരി 15ന് വീണ്ടും നിവേദനം അയച്ചു. വകുപ്പ് അധികൃതര്‍ സ്ഥലം പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ വകുപ്പുതല യോഗത്തില്‍ മാത്രമേ തീരുമാനം എടുക്കാനാകൂ എന്ന മറുപടിയാണ് ലഭിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പെടുത്തി 3.5കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം പണിയുന്നത്.
ഒരു വര്‍ഷംകൊണ്ട് എല്ലാ പണിയും പൂര്‍ത്തീകരിച്ച് കൊടുക്കാനാണ് കരാര്‍. എന്നാല്‍ ചീനി മരങ്ങളുടെ തടസ്സം മൂലം നിര്‍മാണ പ്രവര്‍ത്തികള്‍ മുടങ്ങിയിരിക്കുകയാണ്.
ഇനി മരം മുറിക്കാന്‍ അനുമതി ലഭിച്ചാല്‍ തന്നെയും ഫില്ലറിനായി സ്ഥാപിച്ച ഇരുമ്പുകമ്പിയിലും മറ്റും തട്ടി കേടുപാടുകള്‍ സംഭവിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രസവ ചികിത്സ, ശിശുപരിരക്ഷാകേന്ദ്രം എന്നിവ ഉള്‍പെടുന്ന ചികിത്സ കേന്ദ്രത്തിന്റെ നിര്‍മാണം വകുപ്പുതലങ്ങളിലെ പിടിപ്പുകേടു കാരണം മുടങ്ങുന്നതില്‍ പരക്കെ പ്രതിഷേധമുണ്ട്.അതിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസറും സംഭവത്തില്‍ ഇട പെട്ടതായി അറിയുന്നു.