ജീവനക്കാരില്ലാതെ മലപ്പുറത്തെ വനിതാ സെല്‍

Posted on: March 8, 2013 11:08 am | Last updated: March 8, 2013 at 11:08 am
SHARE

മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മലപ്പുറം വനിതാ സെല്ലില്‍ വേണ്ടത്ര ജീവനക്കാരില്ല. ഒരു സി ഐ, രണ്ട് എസ് ഐമാര്‍, ഒരു സീനിയര്‍ സി പി ഒ, 17 സി പി ഒമാര്‍ തുടങ്ങി 21 ജീവനക്കാര്‍ മലപ്പുറം വനിതാ സെല്ലിലുണ്ടെങ്കിലും ഇവരുടെ പരിധിയില്‍ ഒതുങ്ങുന്നതല്ല ജോലിഭാരം.
മലപ്പുറത്തെ വനിതാ കണ്‍ട്രോള്‍ റൂമും വനിതാസെല്‍ ഓഫീസും രണ്ടിടത്തായതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വനിതാസെല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഡി വൈ എസ് പി ഓഫീസിന് തൊട്ടടത്തുള്ള പുതിയ കെട്ടിടത്തിലാണ്. കണ്‍ട്രോള്‍ റൂമാകട്ടെ ഇവിടെ നിന്നും അര കിലോമീറ്ററോളം മാറിയുള്ള ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലും ഒരു എസ് ഐയും രണ്ടു സി പി ഒമാരും പകല്‍ സമയങ്ങളിലും രാത്രികളില്‍ രണ്ട് സി പി ഒമാരും ഇവിടെ ഡ്യൂട്ടിക്ക് വേണം. അതായത് ഒരു ദിവസം അഞ്ചു പേരുടെ ഡ്യൂട്ടി ഇവിടെയായിരിക്കും. വനിതാ കണ്‍ട്രോള്‍ റൂമിലെ ഒരു എക്‌സറ്റന്‍ഷന്‍ വനിതാസെല്‍ ഓഫീസിലേക്ക് കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ട് കാലങ്ങളേറെയായെങ്കിലും നടപ്പായിട്ടില്ല.

കൂടാതെ ഒരു സി പി ഒക്ക് ജില്ലാ പോലീസ് ഓഫീസിലെ റിസപ്ഷനിലായിരിക്കും ജോലി. പുതിയ കെട്ടിടത്തിലാണ് വനിതാ സെല്‍ ഓഫീസെങ്കിലും വയര്‍ലെസ് പ്രവര്‍ത്തിക്കുന്നത് മുന്‍പ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ശോചനീയാവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ്. പരാതിക്കാരാല്‍ ശബ്ദമുഖരിതമാകാറുള്ള പുതിയ കെട്ടിടത്തില്‍ വയര്‍ലെസ് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമില്ല. വയര്‍ലെസ് ഡ്യൂട്ടിക്ക് പഴയ കെട്ടിടത്തില്‍ ഒരാളെ നിര്‍ത്തണം. മൂന്ന് വനിതാ പോലീസുകാര്‍ മറ്റ് ഓഫീസുകളിലേക്ക് അറ്റാച്ച് ചെയ്യപ്പെട്ടവരാണ്. ഇതെല്ലാം കഴിഞ്ഞ് വനിതാ സെല്‍ ഓഫീസില്‍ ഡ്യൂട്ടിക്കുണ്ടാകുക ഒരു എസ് ഐയും മൂന്നോ നാലോ വനിതാപോലീസുമായിരിക്കും. 

ഓരോ മാസവും ശരാശരി 50 പരാതികളാണ് ഇവിടെയത്താറുള്ളത്. കുടുംബപരമായ വഴക്കുകളും അതു സംബന്ധിച്ച പരാതികളാണ് അധികവും. ഭര്‍ത്താവിന്റെ മദ്യപാനവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും പരാതികളായി എത്താറുണ്ട്. അധിക പരാതികളും ഇവിടെ വെച്ചു തന്നെ ഒത്തു തീര്‍പ്പാക്കാറുണ്ട്. ഇതിനായി കൗണ്‍സിലര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെ നിന്ന് പരിഹരിക്കാന്‍ കഴിയാത്തവ മാത്രമേ ജില്ലാ പോലീസ് ഓഫീസിലേക്ക് കൈമാറാറുള്ളൂ. സ്വത്ത് സംബന്ധമായ പരാതികളുമായി ആളുകള്‍ വരാറുണ്ടെങ്കിലും ഇവ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അവ സ്വീകരിക്കാറില്ല.
മൂന്ന് ജീപ്പുകളും നാല് സ്‌കൂട്ടറുകളും ഓഫീസിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരു ജീപ്പ് കട്ടപ്പുറത്തുമാണ്.