ഗതാഗതക്കുരുക്കഴിയാതെ നരിക്കുനി

Posted on: March 8, 2013 11:00 am | Last updated: March 8, 2013 at 11:00 am
SHARE

നരിക്കുനി: കോടിക്കണക്കിന് രൂപ ഉപയോഗിച്ച് നരിക്കുനി അങ്ങാടിയെ ബന്ധിപ്പിച്ച് റോഡ് വികസനം നടക്കുന്നുണ്ടെങ്കിലും തിരക്കേറിയ ജംഗ്ഷനുകള്‍ പഴയത് പോലെ തുടരുന്നത് ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
നന്മണ്ട – നരിക്കുനി- പടനിലം റോഡ് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ഫണ്ടില്‍ നിന്നുള്ള 8.14 കോടി രൂപ ഉപയോഗിച്ച്് നവീകരണം പൂര്‍ത്തിയാക്കിയത്. നരിക്കുനി- പൂനൂര്‍ റോഡ് നബാര്‍ഡ് ഫണ്ടില്‍ നിന്നുള്ള 6.9 കോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവൃത്തി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈ റോഡില്‍ ഓവുചാല്‍ നവീകരണവും റോഡുയര്‍ത്തലുമെല്ലാം നടക്കുന്നുണ്ട്.
എന്നാല്‍ ഈ റോഡ് നരിക്കുനി അങ്ങാടിയില്‍ വെച്ച് നന്മണ്ട- പടനിലം റോഡുമായി ചേരുന്ന പൂനൂര്‍ റോഡ് ജംഗ്ഷന്‍ വീതി കുറഞ്ഞാണ് കിടക്കുന്നത്. ഈ ജംഗ്ഷനാണ് നരിക്കുനി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രം. ട്രാഫിക് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ കാവല്‍ നിന്നിട്ടും ഈ ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് അല്‍പം പോലും കുറവില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഇവിടെ റോഡിനോട് ചേര്‍ന്നുള്ളത്.
ഇവിടെ ഇരുപത് മീറ്റര്‍ ഭാഗം ഓവുചാല്‍ പുതുക്കി പണിയേണ്ടതുമുണ്ട്. സ്ഥലം വിട്ടുകിട്ടിയാല്‍ വീതികൂട്ടി ഓവുചാല്‍ പുതുക്കിപണിയാനാണ് പി ഡബ്ലിയു ഡി അധികൃതരുടെ നീക്കം. ഇല്ലെങ്കില്‍ പഴയത് പോലെ നില നില്‍ക്കും. ഇത് ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകാനിടയാക്കും.
നരിക്കുനിയില്‍ നിന്ന് വിവിധ റൂട്ടുകളിലോടുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്കും തിരിച്ചുപോകാനും, മറ്റു വാഹനങ്ങളും ഉപയോഗിക്കുന്ന ഈ ജംഗ്ഷന്‍ വീതി കൂട്ടേണ്ടത് അനിവാര്യമാണ്. ഇതിനായി പഞ്ചായത്ത് ഭരണകൂടം മുന്‍കൈയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൂനൂര്‍ റോഡിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള ടാറിംഗ് ചളിക്കോട് വരെ പൂര്‍ത്തിയായിട്ടുണ്ട്.