കാറ്റിലും മഴയിലും വ്യാപക നാശം

Posted on: March 8, 2013 10:59 am | Last updated: March 8, 2013 at 10:59 am
SHARE

താമരശ്ശേരി: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കാറ്റിലും മഴയിലും താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ മുറിഞ്ഞുവീണ് മിക്കയിടങ്ങളിലെയും വൈദ്യുതിബന്ധം മണിക്കൂറുകളോളം നിലച്ചു. മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീടിനും വൈദ്യുത ഉപകരണങ്ങള്‍ക്കും നാശമുണ്ടായി. താമരശ്ശേരി ചെമ്പ്ര താന്നിക്കല്‍ ബാലന്‍ നായരുടെ വീട്ടിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് ടെറസിന്റെ ഭാഗം പൊട്ടിവീണു. ഇതിന്റെ താഴെ മുറ്റത്ത് വലിയ കുഴി രൂപപ്പെട്ടു.
ഈ സമയം വീടിനോട് ചേര്‍ന്ന് തീ ഗോളം ഉയര്‍ന്നു പൊങ്ങിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമീപത്തായിരുന്നു തീ ഗോളം പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ വയറിംഗ് കത്തി സ്വിച്ച് ബോര്‍ഡുകള്‍ പലതും പൊട്ടിത്തെറിച്ചു.
ടി വി, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ് എന്നിവയും കത്തിനശിച്ചു. കത്തറമ്മല്‍, കന്നൂട്ടിപ്പാറ, ഈരൂട് തുടങ്ങിയ പ്രദേശങ്ങളില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞുവീണു. പൂനൂര്‍ ചീനിമുക്കില്‍ കടപുഴകി വീണ വന്‍മരം ടെലിവിഷന്‍ കേബിളില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നരിക്കുനിയില്‍ നിന്ന് അസി. സ്്‌റ്റേഷന്‍ ഓഫീസര്‍ കെ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. സംസ്ഥാന പാതയില്‍ വൈകിട്ട് അഞ്ചരമുതല്‍ ആറ് വരെ വാഹന ഗതാഗതം തടസ്സപ്പെട്ടു.