പശ്ചിമഘട്ട വികസനം: പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

Posted on: March 8, 2013 10:56 am | Last updated: March 12, 2013 at 12:27 am
SHARE

കോഴിക്കോട്: പശ്ചിമഘട്ട വികസന പദ്ധതിയുടെ കീഴില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ നീര്‍ത്തട രൂപവത്കരണത്തിന് രണ്ട് കോടി 35 ലക്ഷം രൂപ, നടപ്പാലം നിര്‍മാണത്തിന് 10. 43 ലക്ഷം രൂപ, പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിന് 27. 14 ലക്ഷം രൂപ, വനിതാ ശാക്തീകരണത്തിനായി 18.10 ലക്ഷം രൂപ എന്നിങ്ങ അനുവദിച്ചതായി പശ്ചിമഘട്ട വികസന ജില്ലാതല കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി വ്യക്തമാക്കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ ഇനങ്ങളിലായി പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 2012 ല്‍ അനുവദിച്ച പദ്ധതികളുടെ അവലോകനവും നടത്തി.നീര്‍ത്തട ഗ്രാമസഭകളും നീര്‍ത്തട കമ്മിറ്റികളും അംഗീകരിച്ച എട്ട് പദ്ധതികള്‍ക്ക് നടപ്പുവര്‍ഷം അനുമതി ലഭിച്ചു. പുതുതായി അംഗീകാരം ലഭിച്ച കാരശ്ശേരി മന്ത്രത്തോട് നീര്‍ത്തടവും പേരാമ്പ്ര എളനിക്കോട് മൂഴി നീര്‍ത്തടവും ഉള്‍പ്പെടെയാണിത്.

2003-04 മുതല്‍ പദ്ധതി വിഹിതമായി ലഭിച്ച ഫണ്ടില്‍ നിന്ന് 50 ശതമാനം മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുളളുവെന്ന് കമ്മിറ്റി വിലയിരുത്തി.ജില്ലയില്‍ ഈ വര്‍ഷം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടപ്പാലങ്ങള്‍ നിര്‍മിക്കും. പശ്ചിമഘട്ട വികസന പദ്ധതിയുടെ കീഴില്‍ പത്ത് വര്‍ഷമായി ചെലവാക്കാനാകാതെ പഞ്ചായത്തുകളിലുള്ള 13.94 ലക്ഷം രൂപ അപേക്ഷ ലഭിച്ച മറ്റു പദ്ധതികള്‍ക്കായി വിനിയോഗിക്കാനും യോഗം തീരുമാനിച്ചു. പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനായി നിര്‍വഹണ ഏജന്‍സികള്‍ ആവശ്യമായ എല്ലാ രേഖകളും സമയബന്ധിതമായി ഓഫീസുകളില്‍ എത്തിക്കണമെന്ന് പ്ലാനിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടു. അഡീഷനല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.