എനിക്ക് മരിക്കേണ്ട; ദയവായി അതിന് അനുവദിക്കരുത്

Posted on: March 8, 2013 10:46 am | Last updated: March 8, 2013 at 10:46 am
SHARE

pg-28-chavez-epaകരാകസ്: ‘ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ദയവായി എന്നെ മരിക്കാന്‍ അനുവദിക്കരുത’്. -വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അവസാനമായി പറഞ്ഞത് ഇതാണ്. മരണത്തിലേക്കടുക്കുകയാണെന്നുറപ്പായിട്ടും ജീവിതത്തോടുള്ള ആസക്തി അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. മരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ വാക്കുകള്‍. മരണസമയം ഷാവേസിന്റെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥനായ ജനറല്‍ ജോസ് ഓര്‍ണെല്ലയാണ് പ്രസിഡന്റിന്റെ അവസാന വാക്കുകള്‍ പുറത്തുവിട്ടത്. എ പി വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ഓര്‍ണെല്ല. കടുത്ത ഹൃദയാഘാതമാണ് ഷാവേസിന്റെ മരണകാരണമെന്നും ഓര്‍ണെല്ല അറിയിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നായിരുന്നു വെനിസ്വേല ഇന്നലെ അറിയിച്ചിരുന്നത്.
അവസാന നിമിഷങ്ങളില്‍ അദ്ദേഹത്തിന് സംസാരിക്കാനാകുമായിരുന്നില്ല. പക്ഷേ ചുണ്ടുകളുടെ ചലനത്തില്‍ നിന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമായിരുന്നു. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം മരിക്കുന്നതിന് മുമ്പ് അദ്ദേഹം അറിയിച്ചു. സ്വന്തം രാജ്യത്തെ ഷാവേസ് അത്രയധികം സ്‌നേഹിച്ചിരുന്നു. കടുത്ത വേദന അനുഭവിക്കുമ്പോഴും വെനിസ്വേലയെ ഓര്‍ത്ത് അദ്ദേഹം സഹിക്കുകയായിരുന്നു. ഓര്‍ണെല്ല പറഞ്ഞു. രോഗം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയിരുന്നുവെന്ന് ഓര്‍ണെല്ല അറിയിച്ചു. അതേസമയം അര്‍ബുദം ശ്വാസകോശത്തിലേക്ക് പടര്‍ന്നിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല.
ഗ്രാന്റ് എസ്പ്ലനേഡില്‍ ഇന്നാണ് ഷാവേസിന്റെ ഭൗതികശരീരം സംസ്‌കരിക്കുക. സംസ്‌കാരത്തിന് മുന്നോടിയായി സൈന്യം 21 തവണ ആകാശത്തേക്ക് നിറയൊഴിക്കും. സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതുവരെയുള്ള ഓരോ മണിക്കൂറിലും ഇത് തുടരുമെന്ന് സൈന്യം അറിയിച്ചു. രാജ്യം ഏഴ് ദിവസത്തെ ദുഃഖം ആചരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഷാവേസിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ഷ്‌നര്‍, ഉറൂഗ്വേ പ്രസിഡന്റ് ജോസ് മുജിസ, ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാല്‍സ് എന്നീ നേതാക്കള്‍ കാരകസിലെത്തിച്ചേര്‍ന്നിട്ടുണ്ട്.