ലങ്കക്കെതിരായ പ്രമേയം: സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ ‘കൂട്ട ആക്രമണം’

Posted on: March 8, 2013 10:33 am | Last updated: March 8, 2013 at 10:34 am
SHARE

parliament-sl-19-3-2012ന്യൂഡല്‍ഹി: ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിഷയം മുന്‍നിര്‍ത്തി ലോക്‌സഭയില്‍ സര്‍ക്കാറിനെതിരെ ‘കൂട്ട ആക്രമണം’. ശ്രീലങ്കക്കെതിരായ യു എന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന് വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടു.

 

മറ്റ് അയല്‍ രാഷ്ട്രങ്ങള്‍ ലങ്കയില്‍ ഇടപെടുന്നത് സംബന്ധിച്ച് ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഭയത്തിന്റെ പേരിലായിരിക്കരുത് വിദേശ നയം രൂപവത്കരിക്കേണ്ടതെന്നും മറിച്ച് ആത്മവിശ്വാസത്തോടെയായിരിക്കണമെന്നും ഇന്ത്യ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുന്‍ വിദേശകാര്യമന്ത്രി കൂടിയായ സിന്‍ഹ ആവശ്യപ്പെട്ടു.

 

അതേസമയം, ലോകപോലീസ് ചമയാനോ ഏതെങ്കിലും രാഷ്ട്രത്തിന്റെ മുതിര്‍ന്ന സഹോദരനാകാനോ തങ്ങളില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. എന്നാല്‍ ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച്, ഡി എം കെ, എ ഐ എ ഡി എം കെ അംഗങ്ങളോടൊപ്പം ജെ ഡി യു, ബി ജെ പി അംഗങ്ങളും ഇറങ്ങിപ്പോയി.

ശ്രീലങ്കക്കെതിരെ യുദ്ധക്കുറ്റം ചുമത്തുന്ന പ്രമേയം പാസ്സാക്കാന്‍ ഇന്ത്യ സുഗമമായ പാതയൊരുക്കണമെന്ന് യു പി എയുടെ മുഖ്യകക്ഷിയായ ഡി എം കെയുടെ അംഗം ടി ആര്‍ ബാലു ചര്‍ച്ചക്ക് തുടക്കമിട്ട് പറഞ്ഞു. ഇരകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി. അഴകൊഴമ്പന്‍ നിലപാടല്ല ഇതില്‍ വേണ്ടതെന്നും നിലപാട് കൃത്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ആവശ്യപ്പെട്ടു. ലോകത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഉറക്കെ പ്രതിഷേധിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാത കൈവിടരുതന്നും ഇക്കാര്യം പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും യു പി എ അധ്യക്ഷ സോണിയ ഗാന്ധി ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസുമായി ഭിന്നത രൂക്ഷമാണെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ഡി എം കെയോട് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചില്ലറ വില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ഡീസല്‍ വില വര്‍ധന എന്നിവയില്‍ എതിര്‍പ്പുണ്ടായപ്പോള്‍ സഖ്യം ഉപേക്ഷിച്ചത് തൃണമൂല്‍ അംഗം സൗഗത റോയ് ചൂണ്ടിക്കാട്ടി.
ജെ ഡി (യു), സി പി ഐ, സി പി എം, എ ഐ എ ഡി എം കെ, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികളും സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.