അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: പ്രധാനി അറസ്റ്റില്‍

Posted on: March 8, 2013 10:27 am | Last updated: March 8, 2013 at 10:27 am
SHARE

ajmer_sharif_blast_വഡോദര: 2007 ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന ഭീകരവാദിയെ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ ഐ എ) അറസ്റ്റ് ചെയ്തു. വഡോദരയില്‍ നിന്നാണ് സ്‌ഫോടനത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ തീവ്രഹിന്ദുത്വ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മഫത്‌ലാലിനെ അറസ്റ്റ് ചെയ്തത്. അജ്മീര്‍ സ്‌ഫോടന കേസില്‍ വാദം നടന്നുകൊണ്ടിരിക്കുന്ന ജയ്പൂരിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഇയാളെ ഹാജരാക്കും.
2007 ഒക്‌ടോബറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട അജ്മീര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഭീകരവാദിയാണ് മഫത് ലാല്‍. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റിരുന്നു. മക്ക മസ്ജിദ്, മലേഗാവ്, സംഝോധ ട്രെയിന്‍ സ്‌ഫോടനങ്ങളിലും സുനില്‍ ജോഷിയുടെ കൊലപാതകത്തിലും പങ്കുള്ള ഒമ്പത് പേരെ എന്‍ ഐ എ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു ഗൂഢാലോചകനായ ഭവേശ് പട്ടേലിനെ രണ്ട് ദിവസം മുമ്പ് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ 15 ദിവസത്തേക്ക് കസ്റ്റഡിയിലാണ്. അജ്മീറിലെ ദര്‍ഗക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതില്‍ പങ്കാളിയാണെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് പട്ടേല്‍. ദര്‍ഗക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ജോഷിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അജ്മീറിലും മക്കാ മസ്ജിദിലും ബോംബ് പൊട്ടിക്കാനുള്ള ടൈമറില്‍ ഉപയോഗിച്ച സിം കാര്‍ഡും മൊബെലും എത്തിച്ചത് പട്ടേലായിരുന്നുവെന്നാണ് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റോടെ അടുത്ത കാലത്തായി രാജ്യത്തുടനീളമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.