Connect with us

Editorial

കാര്‍ഷിക കടാശ്വാസ പദ്ധതിയിലെ ക്രമക്കേട്

Published

|

Last Updated

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലെ തട്ടിപ്പ് കൂടി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നു. കാര്‍ഷിക കടം എഴുതിത്തള്ളിയതിലാണ് വ്യാപകമായ ക്രമക്കേടുകളുള്ളതായി ചൊവ്വാഴ്ച പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടില്‍ സി എ ജി വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ഹരല്ലാത്ത പലര്‍ക്കും കാര്‍ഷിക കടം ലഭിച്ചപ്പോള്‍ അര്‍ഹരായ നിരവധി പര്‍ക്ക് കടം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് കോടി കര്‍ഷകരുടെ 52,000 കോടി രൂപയാണ് കാര്‍ഷിക വായ്പാ ഇനത്തില്‍ എഴുതിത്തള്ളാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ സി എ ജി പരിശോധിച്ച 90,576 കേസുകളില്‍ 20,216 എണ്ണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കടാശ്വാസം ലഭിച്ച 80,299 പേരില്‍ 8.5 ശതമാനം അതിനര്‍ഹരായിരുന്നില്ല. അത്തരക്കാരുടെ 20.5 കോടി എഴുതിത്തള്ളുകയുണ്ടായി. അനര്‍ഹരായ 34 ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കുകയും അര്‍ഹരായ 24 ലക്ഷം പേരെ അവഗണിക്കുകയും ചെയ്തുവെന്നാണ് പാര്‍ലിമെന്റില്‍ ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചത്.
കാര്‍ഷിക കടത്തിന്റെ പേരില്‍ രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുകയും പാര്‍ലിമെന്റിലും പുറത്തും അത് കോലാഹലം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ 2008-ലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എയുടെ വിജയത്തിനത് സഹായകമാകുകയും ചെയ്തു. പദ്ധതികളുടെ പ്രഖ്യാപനമല്ല, അതിന്റെ കാര്യക്ഷമമായ നടത്തിപ്പാണ് ഏറെ ശ്രമകരം. പദ്ധതി ലക്ഷ്യമിടുന്ന യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് അതെത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെങ്കിലും മിക്കവാറും പദ്ധതികളിലും അതുണ്ടാകാറില്ലെന്നതാണ് അനുഭവം. രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഉദ്യോഗസ്ഥരുടെയും ഇടത്തട്ടുകാരുടെയും കളികളും കാരണമായി ഇത്തരം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈക്കലാക്കുകയും അര്‍ഹര്‍ തള്ളപ്പെടുകയും ചെയ്യുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബി പി എല്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ധാരാളമായി കടന്നുകൂടിയ സംഭവം ഒരു ഉദാഹരണം. ബി പി എല്‍ ലിസ്റ്റ് തയ്യാറാക്കുകയും അത് പരിഷ്‌കരിക്കുകയും ചെയ്ത ഘട്ടത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടികളുടെ താത്പര്യവും ഇടപെടലും ആ ലിസ്റ്റില്‍ പ്രതിഫലിച്ചതായി കാണാം. കടം എഴുതിത്തള്ളുന്നതില്‍ ക്രമക്കേടുകള്‍ സംഭവിച്ചതിന്റെ പ്രധാന കാരണവും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ തന്നെ. ഒട്ടും മോശമല്ലാത്ത പങ്ക് ഉദ്യോഗസ്ഥ ലോബിക്കും ബേങ്കുകള്‍ക്കുമുണ്ട്. കാര്‍ഷിക കടം എഴുതിത്തളളുന്നതിന് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബേങ്കുകളും ഉദ്യോഗസ്ഥരും പലപ്പോഴും അത് ലംഘിക്കുകയാണ്.
പദ്ധതി നടത്തിപ്പിലെ അഴിമതികളും ക്രമക്കേടുകളും സി ഐ ജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുമ്പോള്‍ സമഗ്രമായ അന്വേഷണത്തിലൂടെ വസ്തുതയുടെ നിജസ്ഥിതി കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ആരോപണം ഒറ്റയടിക്ക് നിഷേധിക്കുകയും സി എ ജിയുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയുമാണ് മിക്കപ്പോഴും ഉത്തരവാദപ്പെട്ടവര്‍ ചെയ്യാറുള്ളത്. കല്‍ക്കരിപ്പാടങ്ങള്‍ ലേല നടപടികളില്ലാതെ കൈമാറ്റം ചെയ്തത് മൂലം പൊതു ഖജാനാവിന് ലഭിക്കേണ്ട 1.86 ലക്ഷം കോടി രൂപ ചില സ്വകാര്യ കമ്പനികളുടെ പോക്കറ്റിലെത്തിയ കാര്യം കഴിഞ്ഞ ആഗസ്റ്റ് 17ന് സി എ ജി വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായ പ്രതികരണം നാം കണ്ടതാണ്. കാര്‍ഷിക കടാശ്വാസ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ പ്രതികരണവും ഇവ്വിധമായിരുന്നു. ക്രമക്കേട് നടന്നിട്ടേയില്ലെന്ന് തറപ്പിച്ച് അവകാശപ്പെട്ട പവാര്‍, 3.7 കോടി പേര്‍ക്ക് സഹായം നല്‍കിയതില്‍ ഒരു ലക്ഷത്തില്‍ താഴെ പേരുടെ കാര്യത്തില്‍ മാത്രമാണ് സി എ ജി സാമ്പിള്‍ സര്‍വേ നടത്തിയതെന്നും ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ വിവരങ്ങള്‍ കൃത്യമാകണമെന്നില്ലെന്നുമാണ് വാദിക്കുന്നത്. സി എ ജിയുടെ സാമ്പിള്‍ സര്‍വേക്ക് ചില മാനദണ്ഡങ്ങളുണ്ട്. അല്ലാതെ തോന്നിയപോലെ സര്‍വേ നടത്തി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന സംവിധാനമല്ലത്. അല്ലെങ്കിലും കാര്‍ഷിക കടം പോലുള്ള കാര്യങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ സാധാരണക്കാര്‍ക്ക് നല്ല ബോധ്യവുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, വന്‍കിട ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കാര്‍ഷിക കടം വാങ്ങിക്കുന്നവരുണ്ട്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വധീനിച്ച് അത്തരം കടങ്ങള്‍ എഴുതിത്തള്ളിക്കാനും അവര്‍ മിടുക്ക് കാണിക്കും.
അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഇതു സംബന്ധിച്ച പ്രതികരണം മാന്യമാണ്. സി എ ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ടെന്നും പ്രസ്തുത പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രാജ്യസഭയില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കുകയുണ്ടായി. അത്തരമൊരു നടപടിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സി എ ജി റിപ്പോര്‍ട്ടിനെ യാതൊരു മാനദണ്ഡവുമില്ലാതെ തള്ളിക്കളയാനുള്ള ധാര്‍ഷ്ട്യം അദ്ദേഹം കാണിച്ചില്ലല്ലോ എന്നാശ്വസിക്കാം.

---- facebook comment plugin here -----

Latest