പീഡനത്തിനിരയായ നാടോടി ബാലികയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Posted on: March 8, 2013 12:50 am | Last updated: March 8, 2013 at 12:50 am
SHARE

കോഴിക്കോട്: തിരൂരില്‍ ക്രൂരമായ പീഡനത്തിനിരയായ മൂന്ന് വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ഡോക്ടര്‍മാര്‍ . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ മറ്റുളളവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.പുറത്തേക്ക് തളളിയ മലദ്വാരം ശസ്ത്രക്രിയയിലൂടെ പൂര്‍വ സ്ഥിതിയിലാക്കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട ്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന്് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് അഡീഷനല്‍ സൂപ്രണ്ട ് എം സി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. കുട്ടിയുടെ മാതാവ്, ഇവരുടെ രണ്ടാം ഭര്‍ത്താവ് എന്നിവരാണ് ആശുപത്രിയിലുളളത്.
തിരൂരിലെ ജില്ലാ ആശുപത്രി റോഡിലെ കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. തിരൂരിലെ മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്നില്‍ അവശനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഇന്നലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കോഴിക്കോട് സി ഡബ്ല്യൂ സി അംഗം ബാബു, മലപ്പുറം സി ഡബ്ല്യൂ സി അംഗം മണികണ്ഠന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സി ഡബ്ല്യൂ സി ഏറ്റെടുക്കുമെന്ന് ബാബു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.