Connect with us

Kozhikode

ടി പി യെ കൊലയാളി സംഘത്തിന് കാണിച്ചു കൊടുക്കുന്നത് നേരില്‍ കണ്ടുവെന്ന് സാക്ഷി

Published

|

Last Updated

കോഴിക്കോട്: സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ടി പി ചന്ദ്രശേഖരന് ക്ഷണക്കത്ത് നല്‍കി കൊലയാളി സംഘത്തിന് കാണിച്ചുകൊടുത്ത സംഭവം നേരിട്ടു കണ്ടെന്ന് സാക്ഷി.
മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി നാരായണ പിഷാരടി മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് 21 ാം സാക്ഷി ഇ കെ ഷിജിലിന്റെ വെളിപ്പെടുത്തല്‍.
ഷിജിലിന്റെ വിസ്താരമാണ് ഇന്നലെ ആദ്യം നടന്നത്. ഓര്‍ക്കാട്ടേരി ടൗണില്‍ വെച്ച് പടയങ്കണ്ടി രവീന്ദ്രന്‍ ക്ഷണക്കത്ത് കൈമാറുമ്പോള്‍ മീറ്ററുകള്‍ മാത്രം അകലെ താനും ഉണ്ടായിരുന്നു. അല്‍പ്പ സമയം ടി പിയും രവീന്ദ്രനും സംസാരിച്ചിരുന്നു. ഇവര്‍ സംസാരിക്കുന്നതിന് മുമ്പുതന്നെ ഒരു ബൈക്കില്‍ രണ്ടുപേര്‍ ആ പ്രദേശത്ത് തന്നെയുണ്ടായിരുന്നു. ടി പിക്ക് കത്തു കൈമാറുന്നതും നോക്കി അവര്‍ ബൈക്ക് നിര്‍ത്തി സ്‌റ്റോപ്പിലേക്ക് കയറി. കുറച്ച് നേരം അവിടെ നിന്ന ശേഷം തിരികെ പോകുകയായിരുന്നു. ഇവര്‍ സംസാരിക്കുന്നതിന് എതിര്‍ഭാഗത്തെ പെട്ടി പീടികക്ക് സമീപത്താണ് താന്‍ നിന്നിരുന്നത്. അതിനാല്‍ താന്‍ ഇത് ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.
അന്ന് ബൈക്കിലുണ്ടായിരുന്നവരെ തിരിച്ചറിയാമെന്ന് അറിയിച്ച ഷിജില്‍ സാക്ഷി കൂട്ടില്‍ നിന്നും പുറത്തിറങ്ങി രജിത്തിന്റെയും രമിത്തിനെയും അവര്‍ നില്‍ക്കുന്നിടത്ത് ചെന്ന് തിരിച്ചറിഞ്ഞു.
ഓര്‍ക്കാട്ടേരി ടൗണ്‍ ഗതാഗത കുരുക്കേറിയതാണെന്നും ഇവിടെ നിന്ന് ബൈക്കില്‍ കണ്ട രണ്ട് പേരെ മാസങ്ങള്‍ക്ക് ശേഷം തിരിച്ചറിയാന്‍ കഴിയുന്നത് പോലീസ് പ്രതികളെ കാണിച്ചുകൊടുത്തതിനാലാണെന്നും പ്രതിഭാഗം വാദിച്ചു.
കേസിലെ 30-ാം പ്രതി പടയങ്കണ്ടി രവീന്ദ്രനെ ഗൂഢാലോചന കേസില്‍ കുടുക്കാന്‍ പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച കഥയാണ് പൂക്കടയിലെ ഗൂഢാലോചനയും ക്ഷണക്കത്ത് കൈമാറ്റവുമെന്നും പ്രതിഭാഗം വാദിച്ചു.
സാക്ഷികള്‍ കടുത്ത ആര്‍ എം പി പ്രവര്‍ത്തകരാണെന്നായിരുന്നു പ്രതിഭാഗം വാദം.