സി എന്‍ ജി ബസുകള്‍ വിജയകരമല്ലെന്ന് വിദഗ്ധര്‍

Posted on: March 8, 2013 12:48 am | Last updated: March 8, 2013 at 12:48 am
SHARE

കൊച്ചി:കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ് (സി എന്‍ ജി) ഇന്ധനമായുപയോഗിക്കുന്ന ബസുകള്‍ കേരളത്തിലെ റോഡുകളില്‍ ഭാഗിക വിജയം മാത്രമായിരിക്കുമെന്ന് വിദഗ്ധാഭിപ്രായം. മലമ്പ്രദേശങ്ങളൊഴികെ 90 ശതമാനം റൂട്ടിലും സി എന്‍ ജി ബസുകള്‍ ഓടുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തീരമേഖലയോടടുത്ത സമതല പ്രദേശങ്ങളൊഴികെ ഭൂരിപക്ഷം മേഖലകളിലും സി എന്‍ ജി ബസുകള്‍ മോശം പ്രകടനമാകും കാഴ്ചവെക്കുകയെന്നാണ് വാഹനവ്യവസായവുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കയറ്റവും ഇറക്കവുമുള്ള കേരളത്തിലെ റോഡുകളില്‍ സി എന്‍ ജി എന്‍ജിനുകള്‍ക്ക് വേണ്ടത്ര പുള്ളിംഗ് ലഭിക്കില്ലെന്നതാണ് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശബരിമല, വയനാട്, ഇടുക്കി പോലുള്ള റൂട്ടുകളില്‍ സി എന്‍ ജി ബസുകള്‍ ഓടിക്കാന്‍ തന്നെ കഴിയാതെ വരും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഹൈറേഞ്ച് മേഖലകളില്‍ സി എന്‍ ജി ബസുകള്‍ക്ക് മികച്ച പ്രകടനം അസാധ്യമാകുമെന്നും അവര്‍ വാദിക്കുന്നു. ഡല്‍ഹി പോലെ സമതല പ്രദേശങ്ങളിലാണ് സി എന്‍ ജി ബസുകള്‍ വിജയകരമായി ഓടിക്കാന്‍ കഴിയുക. കയറ്റവും ഇറക്കവുമുള്ള റോഡുകളിലെത്തുമ്പോള്‍ സി എന്‍ ജി ബസുകള്‍ വേഗത്തില്‍ നീങ്ങാന്‍ കഴിയാതെ കിതക്കും. കെ എസ് ആര്‍ ടി സി ബസുകള്‍ ഡീസല്‍ എഞ്ചിനില്‍ നിന്ന് സി എന്‍ ജിയിലേക്ക് മാറണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിച്ചാല്‍ ഇതായിരിക്കും പ്രധാനമായും നേരിടാന്‍ പോകുന്ന വെല്ലുവിളി. ഡല്‍ഹിയില്‍ പെട്രോള്‍ വാഹനങ്ങള്‍ സി എന്‍ ജിക്കൊപ്പം തന്നെ പെട്രോളും ഉപയോഗിക്കുന്നുണ്ട്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പെട്രോള്‍ ആണ് ഉപയോഗിക്കുക. സി എന്‍ ജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വണ്ടി മുന്നോട്ടെടുക്കുക ശ്രമകരമായതിനാലാണിത്. വേഗം ആര്‍ജിച്ച ശേഷമാണ് സി എന്‍ ജി ഇന്ധനം ഉപയോഗിച്ചു തുടങ്ങുക. സി എന്‍ ജിയുടെ ഈ പരിമിതി കേരളത്തിലെത്തുമ്പോള്‍ രൂക്ഷമാകും. അതേസമയം കൊച്ചി കേന്ദ്രീകരിച്ച് സി എന്‍ ജി ബസുകള്‍ ഇത്തരം തടസ്സങ്ങളില്ലാതെ ലാഭകരമായി ഓടിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതിക്ക് തുടക്കം കുറിക്കുക ഇവിടെയായിരിക്കും. ഡല്‍ഹിയില്‍ നിന്ന് നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ പെട്രോനെറ്റ് എല്‍ എന്‍ ജിയും കെ എസ് ആര്‍ ടി സിയുമായി ഇത് സംബന്ധിച്ച് ധാരണയായിരുന്നു. പുതുവൈപ്പിലെ എന്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് കുറഞ്ഞ ചെലവില്‍ കൊച്ചി നഗരത്തില്‍ സി എന്‍ ജി സുഗമമായി എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ കൊച്ചിയില്‍ സി എന്‍ ജി ഏറ്റവും കുറഞ്ഞ നിരക്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. റോഡ് മാര്‍ഗം പ്രത്യേക ടാങ്കറിത്തിലെത്തിക്കുന്ന ദ്രവീകൃത പ്രകൃതി വാതകം ഫ്യൂവല്‍ സ്റ്റേഷനുകളില്‍ വെച്ച് സി എന്‍ ജിയാക്കി വാഹനങ്ങളില്‍ നിറക്കാന്‍ കഴിയും. ഇതിനായി എന്‍ എന്‍ ജി ട്രാന്‍സ്‌പോര്‍ട്ട് കം കണ്‍വെര്‍ഷന്‍ വെഹിക്കിളുകള്‍ നിര്‍മിക്കാന്‍ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളുമായി പെട്രോനെറ്റ് ഉടന്‍ ധാരണാപത്രം ഒപ്പിടും. ഇതിന്റെ പൈലറ്റ് പ്രോജക്ട് കൊച്ചിയിലാകും നടത്തുകയെന്ന് പെട്രോനെറ്റ് വൃത്തങ്ങള്‍ പറഞ്ഞു. നാലു മുതല്‍ അഞ്ച് ലക്ഷം രൂപയാണ് ഒരു ഡീസല്‍ ബസ് സി എന്‍ ജിയിലേക്ക് മാറ്റാന്‍ വേണ്ട ചെലവ്. സി എന്‍ ജി ഉപയോഗിക്കാനായി എഞ്ചിനുകള്‍ അടിമുടി പരിഷ്‌കരിക്കേണ്ടിവരും. തുടക്കമെന്ന നിലയില്‍ കെ എസ് ആര്‍ ടിസിയുടെ ഏതാനും ബസുകള്‍ സി എന്‍ ജിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുകയും സി എന്‍ ജി എന്‍ജിനുള്ള പുതിയ ബസുകള്‍ വാങ്ങുകയും ചെയ്യാനാണ് ആലോചന.