ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുറ്റകരമായ നിസ്സംഗതയെന്ന് പിണറായി

Posted on: March 8, 2013 12:45 am | Last updated: March 8, 2013 at 12:45 am
SHARE

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ സദാചാരത്തിന് വില കല്‍പ്പിക്കുന്നില്ലെന്ന പരസ്യപ്രഖ്യാപനമാണ് യു ഡി എഫ് സ്വീകരിക്കുന്നതെന്നും മന്ത്രി ഗണേഷുമായി ഉയര്‍ന്നുവന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഗണേഷിനെതിരെ ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതി പോലും മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗണേഷ് കുമാര്‍ എന്ത് തെറ്റ് ചെയ്തു എന്നതിന്റെ വിശദാംശങ്ങളല്ല പ്രശ്‌നം. അഞ്ച് പേജുള്ള എഴുതിയ പരാതിയാണ് മുഖ്യമന്ത്രിക്ക് ഗണേഷിന്റെ ഭാര്യ നല്‍കിയതെന്നാണ് പറയപ്പെടുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യം ഭാവനയിലൂടെ മെനഞ്ഞതാണെന്ന് പൂര്‍ണമായും പറയാനാകില്ല. മര്‍ദനമേറ്റ പാട് മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുത്തെന്നും പറയുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും മുഖ്യമന്ത്രി എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തകര്‍ ഒരു തരത്തിലുമുള്ള മുല്യങ്ങളും പാലിക്കേണ്ടതില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ നിലപാട് നല്‍കുന്ന സന്ദേശം. ഒന്നുകില്‍ ഗണേഷിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രിയും യു ഡി എഫും പറയണം. അല്ലെങ്കില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ആര്‍ജവം കാട്ടണമെന്നും പിണറായി ആവശ്യപ്പെട്ടു.