Connect with us

Kottayam

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കോട്ടയം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആലപ്പുഴ കരുവാറ്റ പുറക്കാട് പുതുവല്‍ മുരളീധരനെയാണ് (52) കോട്ടയം ഈസ്റ്റ് എസ് ഐ. കെ പി ടോംസണ്‍ അറസ്റ്റ് ചെയ്തത്.സഹായി കരുവാറ്റ സ്വദേശി രാജപ്പനായി (46) പോലീസ് അമ്പലപ്പുഴയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കോട്ടയം ചെങ്ങളം സ്വദേശി ഷാജന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സെക്രട്ടറിയേറ്റില്‍ ഉന്നത ഉദ്യോഗസ്ഥനാണ് മുരളീധരനെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് രാജപ്പന്‍ ഷാജനെ സമീപിച്ചത്. ഷാജന്‍ എസ് എസ് എല്‍ സി പാസാകാത്തതിനാല്‍ ഭാര്യക്ക് ജോലി നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നേരത്തെ നിശ്ചയിച്ച പ്രകാരം വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ഷാജനും ഭാര്യയും എത്തി. ഇവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ശേഷം 75,000 രൂപ കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുരളീധരന്‍ കോട്ടയം കലക്ടറേറ്റില്‍ എത്തി. അവിടെ വെച്ച് 50,000 രൂപ കൂടി കൈപ്പറ്റി. അടുത്ത ആഴ്ച ജോലി ശരിയാകും എന്നു പറഞ്ഞ് മടങ്ങുകയായിരുന്നു .
സംശയം തോന്നിയ ഷാജന്‍ കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അനുനയത്തില്‍ ഇന്നലെ രാവിലെ കോട്ടയത്ത് വിളിച്ചുവരുത്തിയാണ് മുരളീധരനെ പിടികൂടിയത്. ഇയാളുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് താനെന്നാണ് രാജപ്പന്‍ പറഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.