Connect with us

Kozhikode

പോലീസ് പീഡനത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: കള്ളനാണയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്ത ബസ് കണ്ടക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ചെലവൂര്‍ പാലക്കോട്ടുവയല്‍ കിഴക്കേടത്ത് പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ ദയാനന്ദനെ (49) യാണ് വീടിനോട് ചേര്‍ന്ന കിണറ്റില്‍ ബുധനാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കമ്മീഷന്‍ 13ന് ദയാനന്ദന്റെ കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കും.
അന്‍പത് പൈസയുടെ രണ്ട് നാണയങ്ങള്‍ ഒട്ടിച്ച് അഞ്ച് രൂപയെന്ന് തെറ്റിദ്ധരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പാലാഴി-കോഴിക്കോട് റൂട്ടിലോടുന്ന മിസ്ബാഹ് ബസിലെ കണ്ടക്ടര്‍ ദയാനന്ദനെ കസബ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ജീപ്പില്‍ ദയാനന്ദനെ പാലക്കോട്ടുവയലിലെത്തിച്ച് വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. പാലക്കോട്ടുവയല്‍ അങ്ങാടിയില്‍ ഇറക്കി നാട്ടുകാര്‍ക്ക് മുന്നില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
പോലീസ് പീഡനമാണ് ദയാനന്ദന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പോലീസ് ഭീഷണിപ്പെടുത്തിയെന്നും താന്‍ അപമാനഭാരത്തിലാണെന്നും സൂചിപ്പിച്ച് ദയാനന്ദന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ പലര്‍ക്കായി പത്തിലേറെ ആത്മഹത്യാ കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. പോലീസ് നിരന്തരം വേട്ടയാടുകയാണെന്നും നിരപരാധിയായ തന്നെ പോലീസ് പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിനാലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പിലുണ്ട്.
സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് ദയാനന്ദന്റെ ബന്ധുക്കള്‍. ദയാനന്ദന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കളള നാണയവുമായി ബന്ധപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദയാനന്ദനെ പിടിച്ച് കൊണ്ടുപോയിട്ടില്ലെന്നും സ്വമേധയാ സ്‌റ്റേഷനില്‍ വരികയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. നാട്ടില്‍ ഒരു തരത്തിലുമുളള പ്രശ്‌നങ്ങളുമില്ലാതെ ജീവിച്ചിരുന്ന വ്യക്തിയാണ് ദയാനന്ദനെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: രമാദേവി. മക്കള്‍: ജിഷ്ണു, ജിതിന്‍.