ഗണേഷ് വിവാദം: മുഖ്യമന്ത്രിയെ വെട്ടിലാക്കി വീണ്ടും പി സി ജോര്‍ജ്‌

Posted on: March 8, 2013 12:40 am | Last updated: March 8, 2013 at 12:40 am
SHARE

തിരുവനന്തപുരം:മന്ത്രി ഗണേഷ്‌കുമാറിന്റെ അവിഹിത വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പുതിയ പരാമര്‍ശം. മന്ത്രി ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി രേഖാമൂലം നല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഗണേഷിനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് എടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും പി സി ജോര്‍ജ്ജ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗണേഷിന്റെ രാജിക്കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിട്ട നിര്‍ണായക യു ഡി എഫ് യോഗത്തിനു തൊട്ടുപിന്നാലെയായിരുന്നു പി സി ജോര്‍ജ്ജ് ഇക്കാര്യം തുറന്നടിച്ചത്. രേഖാമൂലം പരാതി ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഗണേഷിന്റെ രാജി ഉടന്‍ വേണ്ടെന്ന് യു ഡി എഫ് യോഗത്തില്‍ ധാരണയായത്. അതു കൊണ്ടു തന്നെ ജോര്‍ജ്ജിന്റെ പുതിയ പരാമര്‍ശം ഗണേഷിന്റെ രാജി തീരുമാനത്തെ സാരമായി ബാധിക്കാനാണ് സാധ്യത. യു ഡി എഫ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം താന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ചാനലില്‍ ഇത്തരത്തില്‍ പി സി ജോര്‍ജ്ജ് അഭിപ്രായപ്രകടനം നടത്തിയത്.യാമിനിയുടെ പരാതി സ്വീകരിച്ചാല്‍ പോലിസിന് കൈമാറേണ്ടിവരും. അങ്ങനെ വന്നാല്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കേണ്ടി വരികയും മന്ത്രി രാജിവയ്‌ക്കേണ്ടി വരുകയും ചെയ്യും. ഇത് മന്ത്രിസഭയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് മുഖ്യമന്ത്രി പരാതി കൈപ്പറ്റാതിരുന്നതെന്നും ജോര്‍ജ്ജ് വിശദീകരിച്ചു. ഗണേഷ് കുമാറിന് ഭാര്യ യാമിനി തങ്കച്ചിയുടെ അടികിട്ടിയിട്ടുണ്ട്. ഇതിന്റെ പാട് കാണാതിരിക്കാനാണ് രണ്ടുമന്ത്രിസഭായോഗങ്ങളില്‍ മന്ത്രി പങ്കെടുക്കാതിരുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ യാമിനിയോട് ചോദിക്കണം. വാര്‍ത്താസമ്മേളനം നടത്തി ഗണേഷിന്റെ പേര് വെളിപ്പെടുത്തിയത് യാമിനിയുടെ അനുമതിയോടെയാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ഗണേഷിന്റെ കുടുംബപ്രശ്‌നം തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതിനായി പരമാവധി ശ്രമിച്ചു. ഗണേഷിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിക്കും വിഷമമുണ്ട്. ഗണേഷിന്റെ സ്വഭാവവൈകല്യം മാറാന്‍ ചികില്‍സ വേണം. സ്വഭാവദൂഷ്യം ഉള്ളവര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാകണം. മന്ത്രിസ്ഥാനത്ത് ഗണേഷിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ചീഫ് വിപ്പ് പറഞ്ഞു. ഗണേഷ്‌കുമാറിനെതിരെ താന്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് യു ഡി എഫ് യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറഞ്ഞ വാക്കുകള്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ മറുപടി. ഗണേഷ് രാജിസന്നദ്ധത അറിയിച്ചുകഴിഞ്ഞു. പിന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. തന്റെ നിലപാട് കേരള കോണ്‍ഗ്രസിന്റെ നിലപാട് കൂടിയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.