Connect with us

Kollam

ശമീറയുടെ പ്രാര്‍ഥന സഫലം; വിവാഹത്തിന് വാപ്പച്ചി എത്തും

Published

|

Last Updated

കൊല്ലം:തന്റെ നിക്കാഹിന് വാപ്പച്ചി എത്തണമെന്ന ശമീറയുടെ പ്രാര്‍ഥന സഫലമായി. ഈ മാസം 10ന് നടക്കുന്ന വിവാഹത്തില്‍ പിതാവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മകള്‍ ശമീറ. ജയിലഴിക്കുള്ളില്‍ കഴിയുന്ന പിതാവിന്റെ ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ് അന്ന്. മകളുടെ വിവാഹം നല്ല നിലയില്‍ നടത്തണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് 2010 ആഗസ്റ്റ് 17ന് ശാസ്താംകോട്ട അന്‍വാര്‍ശ്ശേരിയിലെ വീട്ടില്‍ നിന്ന് ബംഗളൂരു പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഇതിനിടയില്‍ ഒരു വേളയില്‍ പോലും നാട്ടില്‍ വരാന്‍ മഅ്ദനിക്ക് സാധിച്ചില്ല. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു.വിചാരണ കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലൂടെയാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെത്തുന്നത്. കൊല്ലം കൊട്ടിയത്തെ സുമയ്യ ഓഡിറ്റോറിയത്തിലാണ് മഅ്ദനിയുടെ മകളുടെ വിവാഹം. മഅ്ദനിയുടെ ആദ്യ ഭാര്യയായ കൊട്ടിയം മുളമൂട്ടില്‍ ശഫിന്‍സയിലുള്ള മകളാണ് ശമീറ. കരുനാഗപ്പള്ളി ആലുംകടവ് സ്‌നേഹ നഗര്‍ ശിഹാബ് മന്‍സിലിലെ സിദ്ദീഖ് കുഞ്ഞ്- നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ നിസാമാണ് വരന്‍. വിവാഹച്ചടങ്ങിലേക്ക് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. തന്റെ ആഗ്രഹ പൂര്‍ത്തീകരണമാണിതെന്നും കോടതി വിധി തനിക്ക് ഏറെ ആഹ്ലാദം നല്‍കുന്നതായും ശമീറ പ്രതികരിച്ചു. പിതാവിന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് മഅ്ദനിയുടെ മറ്റ് രണ്ട് ആണ്‍മക്കള്‍. മഅ്ദനിക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ രോഗബാധിതനായി കഴിയുന്ന പിതാവ് അബ്ദുസമദ് മാസ്റ്റര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. വിധിയില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെത്തുമെന്നറിഞ്ഞതോടെ അന്‍വാര്‍ശ്ശേരി ഗ്രാമം അതിരറ്റ ആഹ്ലാദത്തിലാണ്. മഅ്ദനിയെ ബംഗളരുവില്‍ നിന്ന് ഇന്ന് കൊല്ലത്തേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന മഅ്ദനി റോഡ് മാര്‍ഗമായിരിക്കും കൊല്ലത്ത് എത്തിച്ചേരുക. താമസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊല്ലത്ത് എത്തിയ ഉടനെ മഅ്ദനിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും.

Latest