കൊപ്ര സംഭരണം: നാഫെഡ് നടപടി കേന്ദ്രം പുനഃപരിശോധിക്കണം

Posted on: March 8, 2013 12:35 am | Last updated: March 8, 2013 at 12:35 am
SHARE

തിരുവനന്തപുരം: കൊപ്രാസംഭരണം നിര്‍ത്തിയ നാഫെഡ് നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. 30 ശതമാനം സബ്‌സിഡി 15 ശതമാനമായി കുറച്ചതോടെയാണ് നാഫെഡ് സംഭരണം നിര്‍ത്തിയത്. സബ്‌സിഡി പുനസ്ഥാപിച്ച് സംഭരണം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലകളില്‍ ഇതുവരെ നടത്തിയ പട്ടയവിതരണം സംബന്ധിച്ച കണക്കുകള്‍ യോഗം പരിശോധിച്ചു. ഇനി നല്‍കാനുള്ള പട്ടയങ്ങളുടെ വിവരവും ചര്‍ച്ച ചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാനാകില്ലെന്നും യോഗം ആവശ്യപ്പെട്ടു. നെല്ലിയാമ്പതി ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ട് നിയമസഭയുടെ ബജറ്റ് സെഷനിടെ സൗകര്യപ്രദമായ ദിവസം നിയമസഭക്ക് പുറത്ത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്യും. കേരളത്തിന് കൂടുതല്‍ വികസന പദ്ധതികള്‍ ആവശ്യപ്പെട്ട് നടത്തിയ ഡല്‍ഹി യാത്ര വിജയകരമായിരുന്നെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ മെയ് 18 മുതല്‍ വിപുലമായി ആഘോഷിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു.