Connect with us

Thiruvananthapuram

മന്ത്രി പത്‌നിയുടെ പരാതി; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതി നല്‍കാനെത്തിയ മന്ത്രി പത്‌നിയെ പരാതി തിരികെ കൊടുത്ത് കൗശലപൂര്‍വം പറഞ്ഞയച്ചുവെന്ന ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയില്‍ വെച്ച് മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി പരാതി നല്‍കിയതായി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത നിഷേധിച്ചിട്ടില്ല.ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നിയമാനുസൃതം നടപടികള്‍ക്കായി പോലീസിന് അയച്ച് കൊടുക്കേണ്ടതിന് പകരം കേസ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പരാതി തിരികെ നല്‍കിയത് സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിയുടെ പത്‌നി പരാതി നല്‍കാനല്ല പകരം സൗഹൃദ സന്ദര്‍ശനത്താനാണ് വന്നതെങ്കില്‍ അക്കാര്യവും വ്യക്തമാക്കണമെന്നും മന്ത്രിയും ചീഫ് വിപ്പും തമ്മിലുള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ മൗനം നിരുത്തരവാദപരവും കേരളജനതയെ അവഹേളിക്കുന്നതിന് തുല്യവുമാണെന്നും വി എസ് പറഞ്ഞു.