Connect with us

Kozhikode

വിവാഹ പൂര്‍വ കൗണ്‍സലിംഗ് സാര്‍വത്രികമാകണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

Published

|

Last Updated

തേഞ്ഞിപ്പലം: സംസ്ഥാനത്തെ മുഴുവന്‍ യുവതീയുവാക്കള്‍ക്കും വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്‌സ് നല്‍കിയതിന് ശേഷം മാത്രമേ അവരെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന് നിര്‍ഷ്‌കര്‍ഷിക്കണമെന്ന ശിപാര്‍ശ ഗവണ്‍മെന്റിന് സമര്‍പ്പിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍വകലാശാലകളുടെ പങ്ക് എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പ്പശാല കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. കാലിക്കറ്റ് സര്‍വകലാശാല വനിതാ പഠന വകുപ്പും സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
സ്ത്രീകളോട് ക്രൂരത കാണിക്കുന്നതില്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ഭര്‍ത്താവിന് കൂട്ട് നില്‍ക്കുന്നത് ഖേദകരമാണ്. പെണ്‍മക്കളുടെ കാവല്‍ക്കാരാകാന്‍ സമൂഹം തയ്യാറാകണം. ഇതിനായി സ്ത്രീ ശാക്തീകരണത്തിന് പുറമെ സമൂഹത്തിന്റെ മൊത്തം സമീപനത്തില്‍ ഗുണകരമായ മാറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്. വനിതാ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ഗ്രാമീണ സ്ത്രീകള്‍ക്ക് പൊതുവെ വേണ്ടത്ര അറിവില്ല. ഈ സാഹചര്യത്തില്‍ ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് മുന്‍കൈ എടുക്കാവുന്നതാണെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. വിവേചനത്തെയും അതിക്രമങ്ങളെയും കുറിച്ച് വനിതാകമ്മീഷന് ഏറെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സന്നദ്ധരായ വലിയ ഒരു പുരുഷ സമൂഹമുണ്ടെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു വിഭാഗം അതിക്രമങ്ങള്‍ക്ക് തുനിയുന്നു. ചെറിയ ഒരു വിഭാഗമാണ് നാടിന് മൊത്തം അപമാനം ഉണ്ടാക്കിവെക്കുന്നതെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് നല്ല അമ്മമാര്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം പറഞ്ഞു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ.കെ ഗിരിജ, എ നവാസ്ജാന്‍ പ്രസംഗിച്ചു.

Latest