മഅദനിയുടെ മോചനം ഇന്നുണ്ടാകാന്‍ സാധ്യതയില്ല

Posted on: March 8, 2013 12:16 am | Last updated: March 9, 2013 at 10:59 am
SHARE

mad

ബംഗളൂരു: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജാമ്യം ലഭിച്ച പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനം ഇന്നുണ്ടാകാന്‍ ഇടയില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം.
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടുവുകാരനായി ജയിലില്‍ കഴിയുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് പ്രത്യേക വിചാരണ കോടതി ഇന്നലെയാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഇന്ന് മുതല്‍ 12 വരെ ജാമ്യം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗാതുരനായ പിതാവിനെ കാണാനുമാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്.
ഈ മാസം പത്തിന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് മഅ്ദനിയുടെ മകള്‍ ഷമീറയുടെ വിവാഹം.മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ പോകണമെന്നും വിവാഹം നടത്തിക്കൊടുക്കേണ്ടത് തന്റെ കടമയാണെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനി അഡ്വ. ഉസ്മാന്‍ മുഖേന ഹരജി നല്‍കിയത്. തന്റെ വിവാഹം പിതാവ് തന്നെ നടത്തിത്തരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഷമീറ ആവശ്യപ്പെട്ടതുപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് കത്തയച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹരജി നല്‍കിയപ്പോള്‍ സ്‌ഫോടനക്കേസ് അന്വേഷണ സംഘവും കര്‍ണാടക സര്‍ക്കാറും മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. മഅ്ദനി കേരളത്തിലേക്കു പോയാല്‍ തിരിച്ചുവരില്ലെന്ന വാദം നിരത്തിയാണ് ഇവര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഈ വാദം തള്ളിയാണ് പരപ്പന അഗ്രഹാര സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. സ്വന്തം ചെലവിലായിരിക്കണം ജാമ്യം. പോലീസ് അകമ്പടിയും ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കും. ഉത്തരവ് ജയിലധികൃതര്‍ക്ക് കിട്ടുന്ന മുറക്കാണ് പോലീസ് അകമ്പടിയോടെ മഅ്ദനിയെ നാട്ടിലേക്ക് വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയുള്ളൂ.
നാളെ രാവിലെ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് കരുതുന്നത്. രാവിലെ 10. 15 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം 11. 25ന് തിരുവനന്തപുരത്തെത്തും. കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് കേരളത്തില്‍ അദ്ദേഹത്തിന് ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ച് ഇന്ന് ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍ പി ഡി പി കേന്ദ്ര കമ്മിറ്റിയംഗങ്ങളും പ്രവര്‍ത്തകരും അദ്ദേഹത്തിന് സ്വീകരണം നല്‍കും. ജാമ്യ കാലാവധിക്ക് ശേഷം 12ന് വൈകീട്ട് അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങും.
ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅ്ദനി. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിന് മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മഅ്ദനിയെ കേസില്‍ പ്രതിചേര്‍ത്തത്. 2010 ആഗസ്റ്റ് 17 നാണ് അദ്ദേഹം അറസ്റ്റിലായത്. കൊല്ലത്തെ അന്‍വാര്‍ശേരിയില്‍ നിന്ന് കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട ഉടനെ വാഹനം തടഞ്ഞ് കര്‍ണാടക ഡി സി പി ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മഅ്ദനി അറസ്റ്റിലായതിനു ശേഷം ഇതാദ്യമായാണ് ജാമ്യം ലഭിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി ആദ്യം 45 ദിവസവും കഴിഞ്ഞ മാസം 24 ദിവസവും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.