Connect with us

Eranakulam

സി പി എം നേതാക്കളുടെ നിര്‍ദേശ പ്രകാരം കൊല നടത്തിയെന്ന് മൊഴി

Published

|

Last Updated

കൊച്ചി:സി പി എം നേതാക്കളുടെ നിര്‍ദേശപ്രകാരം താന്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ കുട്ടി സുരേഷ്. ഫസല്‍ വധക്കേസില്‍ സി ബി ഐക്ക് നല്‍കിയ മൊഴിയിലാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി പി എമ്മിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ സുരേഷ് നടത്തിയത്. എന്നാല്‍, ഏതൊക്കെ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് തന്നെയും വകവരുത്തുമെന്നും മൊഴിയില്‍ പറയുന്നു.

1993ല്‍ ബി ജെ പി പ്രവര്‍ത്തകന്‍ ചെമ്പാട്ട് കേളു, 1995 ല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പാനൂര്‍ സ്വദേശി പൊലിങ്ങേല്‍ ബാലന്‍, 2002ല്‍ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ വാറാട്ട് സുബൈര്‍, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിക്രേംചാലില്‍ ശശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇ പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു ശശി. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം 2000ല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഉത്തമനെ കൊലപ്പെടുത്തിയെന്നും ഫസല്‍ വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് തനിക്കറിയില്ലെന്നും കുട്ടി സുരേഷ് മൊഴി നല്‍കി.
ഫസല്‍ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി ബി ഐ സമര്‍പ്പിച്ച തുടരന്വേഷണത്തിലാണ് സി ബി ഐ ഇന്‍സ്‌പെക്ടര്‍ സലീം സാഹിബ്, കുട്ടി സുരേഷടക്കം 25 സാക്ഷികളുടെ മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
സി പി എം നേതാക്കളും പ്രവര്‍ത്തകരുമടക്കം 25 സാക്ഷികളെയാണ് സി ബി ഐ ചോദ്യം ചെയ്തത്. പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ കേസ് അന്വേഷണ കാലയളവില്‍ ഒളിവില്‍ പാര്‍പ്പിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സി പി എം തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന രാകേഷ്, എം സി പവിത്രന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി രാജന്‍ മാസ്റ്റര്‍, തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലുള്‍പ്പെട്ടിട്ടുള്ള രണ്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കാനായിട്ടില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest