Connect with us

Ongoing News

അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

Published

|

Last Updated

അവിഹിത ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തത്കാലം വെക്കേണ്ടതില്ലെന്ന് യു ഡി എഫ് യോഗത്തില്‍ തീരുമാനം. ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി. ഗണേഷുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയം രാഷ്ട്രീയവിഷയമല്ല. അത് വ്യക്തിപരമായ വിഷയമാണെന്ന അഭിപ്രായമാണ് യു ഡി എഫ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷി നേതാക്കള്‍ക്കും ഈ അഭിപ്രായമാണുള്ളതെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. ഗണേഷിനെതിരെ ആരോപണം ഉന്നയിച്ച പി സി ജോര്‍ജിനെതിരെയും തത്കാലം നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചു.
അതേസമയം, മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (ബി) നല്‍കിയ കത്തിനെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആര്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഏപ്രില്‍ രണ്ടിന് നടക്കുന്ന യു ഡി എഫ് യോഗം ചര്‍ച്ച ചെയ്ത് അന്തീമ തീരുമാനം എടുക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നും മുന്നണിയുടെ ഐക്യത്തിനു പ്രാധാന്യം നല്‍കണമെന്നുമുള്ള പൊതുധാരണ യു ഡി എഫ് യോഗത്തിലുണ്ടായി.
ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടേണ്ടതില്ലെന്നു യു ഡി എഫ് യോഗത്തിന് മുമ്പ് നടന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് യോഗത്തില്‍ ഇതുസംബന്ധിച്ചു കാര്യമായി ചര്‍ച്ച ഉണ്ടായില്ല. യോഗത്തിന് മുമ്പ് ഉമ്മന്‍ ചാണ്ടി പി സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തു. ഗണേഷിന്റെ ഭാര്യ യാമിനിയുടെ രേഖാമൂലമുള്ള പരാതി കിട്ടിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തെ അറിയിച്ചു. ലഭിച്ച പരാതിയുടെ ഗുണവും ദോഷങ്ങളും മുഖ്യമന്ത്രി പരിശോധിക്കുമെന്നും അതിനുശേഷമാകും തീരുമാനം എടുക്കുകയെന്നും തങ്കച്ചന്‍ വ്യക്തമാക്കി. ഗണേഷിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചുവെന്നതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.മുന്നണി യോഗത്തില്‍ പരസ്യമായി ചര്‍ച്ച ചെയ്യാവുന്ന വിഷയമല്ല ഇത്. മുമ്പ് ഇടതുമുന്നണിക്കുള്ളിയിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജോര്‍ജ് മുന്നണി മര്യാദ ലംഘിച്ചുവെന്ന തന്റെ അഭിപ്രായം തിരുത്തിയിട്ടില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. ഗണേഷ് വിഷയം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നു തോന്നുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. പി സി ജോര്‍ജ് മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായം ഘടക കക്ഷികള്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നെങ്കിലും മുന്നണിയുടെ ഐക്യം പരിഗണിച്ച് പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടില്‍ യു ഡി എഫ് നേതൃയോഗം എത്തുകയായിരുന്നു. അതേസമയം, താന്‍ നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തിനു കാക്കുകയാണെന്നും യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പി സി ജോര്‍ജ് പറഞ്ഞു. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ കെ എം മാണി, ആര്‍ ബാലകൃഷ്ണ പിള്ള, ജോണി നെല്ലൂര്‍ എന്നിവരൊഴികെ മറ്റു ഘടക കക്ഷി നേതാക്കളെല്ലാം പങ്കെടുത്തു.