തിരൂര്‍ പിഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: March 8, 2013 9:36 am | Last updated: March 8, 2013 at 9:37 am
SHARE

jasim prathiകോഴിക്കോട്: തിരൂരില്‍ കടത്തിണ്ണയില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിയെടുത്ത് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി പരപ്പനങ്ങാടി സ്വദേശി ജാസിമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോലീസ് സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മലപ്പുറം എസ് പി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കേസുകളില്‍ നേരത്തെ പങ്കുള്ള വ്യക്തിയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.

തിരൂര്‍ ടൗണില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിച്ചതിന് ശേഷം സമീപത്തെ പൊതു കുളിമുറിക്കരികെ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെത്തി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍ കുട്ടിയെ സന്ദര്‍ശിച്ചു.