സേവനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ

Posted on: March 7, 2013 5:06 pm | Last updated: March 8, 2013 at 2:31 pm
SHARE

AVN_SABHA_113891f (1)
ന്യൂഡല്‍ഹി:ജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യസമയത്ത് എത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പരിധിയില്‍ വരുന്ന ബില്ലില്‍ സേവനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് 250 രൂപ മുതല്‍ അര ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ബില്‍ പാര്‍ലിമെന്റില്‍ വെക്കും. സേവനത്തിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കാനും വ്യവസ്ഥയുണ്ട്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പെന്‍ഷനുകള്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വില്ലേജ് ഓഫീസുകള്‍ മുഖേനയുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കാന്‍ ജനങ്ങള്‍ക്ക് പലപ്പോഴും ഉദ്യോഗസ്ഥരുടെ ദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. ‘റൈറ്റ്‌സ് ഓഫ് സിറ്റിസണ്‍ ഫോര്‍ ടൈം ബൗണ്ട് ഡെലിവറി ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ്’ എന്നാണ് ബില്ലിന്റെ പേര്. 2011 ലാണ് ബില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. നിശ്ചിത സമയത്തിനകം സേവനം വൈകിയാല്‍, വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പിഴയായി പിടിക്കും. എല്ലാ വകുപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികളും സര്‍ക്കാര്‍ സേവനം നല്‍കാന്‍ കരാര്‍ എടുക്കുന്ന സ്വകാര്യ ഏജന്‍സികളും ബില്ലിന്റെ പരിധിയില്‍ വരും. അതേസമയം, സ്ത്രീ പീഡന വിരുദ്ധ ബില്ലിന്റെ കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. ആഭ്യന്തര- നിയമ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമായത്. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറക്കുന്നതും, ലൈംഗികാതിക്രമത്തിന് പകരം ബലാത്സംഗം എന്ന പദപ്രയോഗം ഉപയോഗിക്കുന്നതുമെല്ലാമാണ് തര്‍ക്കത്തിന് കാരണം. ജെ എസ് വര്‍മ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബില്ലുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം തീരുമാനിച്ചത്. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പ്രായം 18ല്‍ നിന്ന് 16 ആക്കി കുറക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായവ്യത്യാസമുള്ളത്. കുട്ടികുറ്റവാളികളുടെ പ്രായം കുറക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ.അതിക്രമത്തിന് വിധേയയാകുന്ന സ്ത്രീയെ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. സ്വകാര്യ ആശുപത്രി നിര്‍ബന്ധമായും ചികിത്സ ഉറപ്പ് വരുത്തണമെന്നും ശിപാര്‍ശ ആവശ്യപ്പെടുന്നു. ഭേദഗതി ശിപാര്‍ശ പ്രകാരം ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍ കുറ്റമല്ല. സൈനികാധികാരം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈനികന്‍ സ്ത്രീയെ മാനഭംഗം ചെയ്താല്‍ നിലവിലെ നിയമം ബാധകമല്ല. സൈനികാധികാര നിയമം ബാധകമാണ്. സ്ത്രീപീഡന കേസുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരമാവധി ശിക്ഷ ശിഷ്ടകാലം ജയില്‍ എന്ന വിധത്തിലും ബില്ലില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍, മന്ത്രിസഭയില്‍ സമവായമുണ്ടാക്കാന്‍ കഴിയാത്തത് സര്‍ക്കാറിനെ ധര്‍മ സങ്കടത്തിലാക്കുന്നുണ്ട്.