ജില്ലയില്‍ വനജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു

Posted on: March 7, 2013 3:13 pm | Last updated: March 8, 2013 at 4:13 pm
SHARE

കല്‍പ്പറ്റ: വനത്തിനുള്ളിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വനത്തില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികള്‍ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് വയനാട് ജില്ലയില്‍ വനജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ജില്ലാതലത്തിലും ഫോറസ്റ്റ് റേഞ്ച്, ഫോറസ്റ്റ് സ്റ്റേഷന്‍ തലങ്ങളിലുമായാണ് സമിതികള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ 2012 ജൂണ്‍ 21 ലെ 69/12/ഫോറസ്റ്റ് നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി സെക്ഷന്‍, സ്റ്റേഷന്‍, റെയ്ഞ്ച്തല ജാഗ്രതാസമിതികള്‍ ഇതിനകം രൂപവത്ക്കരിച്ചു കഴിഞ്ഞതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വനംവകുപ്പിന്റേയും പോലീസിന്റേയും ഉദ്യോഗസ്ഥതല യോഗം ജില്ലാതല ജാഗ്രതാ സമിതിക്ക് രൂപം നല്‍കി. ജില്ലാ കലക്ടറാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ്‌മേധാവി, പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രതിനിധി, ഡി എഫ് ഒമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍, അസി. എക്‌സൈസ് കമ്മീഷണര്‍, ജില്ലാ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലയിലെ വനം സംരക്ഷണ സമിതികളിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍, സന്നദ്ധസംഘടനകളില്‍ നിന്നും രണ്ട് പേര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി.
സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥേതര അംഗങ്ങളുടെ പേര് വിവരം: വനംസംരക്ഷണ സമിതിയില്‍ നിന്നും ടി കെ ബാലന്‍ പ്ലാമൂല വി എസ് എസ്, പി ചന്തു ചുരുളി വി എസ് എസ്, കെ അനില്‍കുമാര്‍ ചേമ്പ്ര വി എസ് എസ്, ടി കെ രതീഷ് പിലാക്കാവ് ഇ ഡി സി, കെ പ്രകാശന്‍ മുത്തങ്ങ ഇ ഡി സി സന്നദ്ധ സംഘടനാ പ്രതിനിധികളായ എ ടി സുധീഷ്, ഫെര്‍ണ്‍സ് സൊസൈറ്റി, എന്‍ ബാദുഷ വയനാട് പ്രകൃതി സംരക്ഷണ സമിതിജില്ലാതല വനജാഗ്രതാ സമിതിയുടെ ആദ്യയോഗം ഈ മാസം 15ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.