Connect with us

Malappuram

കരുമ്പില്‍ കടവില്‍ ബംഗാളികളെ ഉപയോഗിച്ച് മണല്‍ക്കൊള്ള

Published

|

Last Updated

തിരൂരങ്ങാടി: പോലീസിന്റെയോ റവന്യൂ അധികൃതരുടേയോ കണ്ണില്‍ പെടാതെ അന്യ സംസ്ഥാന തൊഴിലാളികളെ വെച്ച് മണല്‍ കടത്തുന്നു. തിരൂരങ്ങാടി പഞ്ചായത്തിലെ കരുമ്പില്‍ കരുവാന്‍ കടവിലാണ് 150ഓളം വരുന്ന ബംഗാള്‍ സ്വദേശികളെ ഉപയോഗിച്ച് മണല്‍ കടത്തുന്നത്. കരുമ്പില്‍ ആലിന്‍ചുവട് വഴി പുഴയിലേക്കുള്ള അനധികൃത കടവാണിത്.
ബംഗാളികള്‍ മണല്‍ ചാക്കിലാക്കി അര കിലോമീറ്ററോളം തലയില്‍ ചുമന്ന് റോഡിലേക്ക് കൊണ്ടുവരികയാണ്. ഇവിടെ നിന്ന് ലോറികളിലാക്കി തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്ക് മണല്‍ എത്തിച്ചുകൊടുക്കുകയാണ് മണല്‍ മാഫിയ ചെയ്യുന്നത്. എട്ട് തോണികളും എട്ട് ലോറികളും ഇതിന്നായി ഉപയോഗിക്കുന്നുണ്ട്. ദിവസവും 25 മുതല്‍ 30 വരേ ലോഡ് മണല്‍ ഇവിടെ നിന്ന് കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. 17,000 രൂപ വരേയാണത്രെ ഒരു ലോഡ് മണലിന് വാങ്ങുന്നത്. മലയാളികളായ ചില സംഘമാണ് ഇതിന് പിന്നില്‍. പ്രദേശത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇവരില്‍ നിന്ന് ഫണ്ട് എത്തുന്നതിനാല്‍ ആരും ഇതിനെതിരെ രംഗത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്. നിയന്ത്രണാതീതമായി പുഴയില്‍ നിന്ന് മണലെടുക്കുന്നത് കാരണം പുഴ വറ്റി വരളുകയാണ്. തൊട്ടടുത്ത വാക്കികയം പമ്പ് ഹൗസിനും ഇത് ഭീഷണിയായിട്ടുണ്ട്.

Latest