തോക്കുകളുടെ ഭാഗങ്ങളും കലമാന്‍ കൊമ്പിന്റെ കഷ്ണങ്ങളും കണ്ടെടുത്തു

Posted on: March 7, 2013 3:08 pm | Last updated: March 7, 2013 at 3:08 pm
SHARE

എടക്കര: വനപാലകര്‍ വെടിയുണ്ടകള്‍ കണ്ടെടുത്ത വീട്ടില്‍ നിന്നും പോലീസ് നടത്തിയ തിരച്ചിലില്‍ തോക്കുകളുടെ വിവിധ ഭാഗങ്ങളും കലമാന്‍ കൊമ്പിന്റെ കഷ്ണങ്ങളും കണ്ടെടുത്തു.
ഉപ്പട ചെമ്പന്‍കൊല്ലി വെള്ളാരംകുന്ന് മലയില്‍ താടിക്കാട് സജിയുടെ (38) വീട്ടില്‍ നിന്നാണ് രണ്ട് തോക്കുകളുടെ പാര്‍ട്‌സുകളും കലമാന്‍ കൊമ്പിന്റെ കഷ്ണങ്ങളും കണ്ടെടുത്തത്. കൊല്ലപ്പണിക്കാരനായ സജി തോക്കുകള്‍ നിര്‍മിച്ചു നല്‍കിയതിന് നേരത്തെ കേസുണ്ട്. സജി ഒളിവിലാണ്. കാട്ടുമൃഗങ്ങളുടെ മാംസം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഫഌയിംഗ് സ്‌ക്വാഡ് നടത്തിയ തിരച്ചിലില്‍ മൂന്ന് വെടിയുണ്ടകളും 15 ഒഴിഞ്ഞ കെയ്‌സുകളും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോത്തുകല്‍ എസ് ഐ. കെ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ തിരച്ചില്‍ നടത്തി.
ചട്ട, കുഴല്‍, ബാരല്‍ എന്നിവ ഉള്‍പ്പെടെ രണ്ട് തോക്കുകളുടെ എല്ലാ ഭാഗങ്ങളുമുണ്ട്. കലമാന്റെ കൊമ്പ് ആയുധങ്ങള്‍ക്ക് പിടിയിടാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. വനിത സിവില്‍ പോലീസ് ഓഫീസര്‍ ടി ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവിഡ്‌സണ്‍, സുജിത്ത് എന്നിവരും സംഘത്തിലാണ്.