മലയോരത്തെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് സായുധ പോലീസ് സേനകളെ പിന്‍വലിക്കുന്നു

Posted on: March 7, 2013 3:06 pm | Last updated: March 7, 2013 at 3:06 pm
SHARE

കാളികാവ്: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മലയോരമേഖലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ അധികമായി നിയമിച്ച പോലീസ് അംഗങ്ങളെ പിന്‍വലിക്കുന്നു. മലയോര മേഖലയിലെ വനങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളികാവ്, നിലമ്പൂര്‍, വഴിക്കടവ്, എടക്കര, എന്നീ സ്റ്റേഷനുകളില്‍ പത്തിലധികം വരുന്ന സായുധ പോലീസ് സേനകളെ നിയമിച്ചിരുന്നത്. കാളികാവ് പോലീസ് സ്‌റ്റേഷനില്‍ നിയോഗിച്ചിരുന്ന പന്ത്രണ്ട് പേരില്‍ നിന്ന് പത്ത് പേരേയും പിന്‍വലിച്ചിട്ടുണ്ട്.
രാത്രി പോലീസ് സ്‌റ്റേഷന് സായുധ സേനയുടെ കാവലിന് വേണ്ടി രണ്ട് പേരെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. പലഭാഗങ്ങളിലും അപരിചിതരെ കണ്ടതായി വിവരം നല്‍കിയിട്ടും കാട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ഒരാളെപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത്‌കൊണ്ട് മാവോയിസ്റ്റുകളുടെ സാനിധ്യം ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് സായുധ സേനകളെ പിന്‍വലിക്കുന്നത്. മാവോയിസ്റ്റുകള്‍ പോലീസ് സ്‌റ്റേഷനുകള്‍ അക്രമിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് സായുധ പോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നത്.
മറ്റ് ചില പോലീസ് സ്‌റ്റേഷനുകളായ പോത്തുകല്ല്, കരുവാരകുണ്ട് എന്നിവിടങ്ങളില്‍ കൂടി കൂടുതല്‍ സായുധപോലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മറ്റ് പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് സായുധ സംഘത്തെ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു.
മലയോര മേഖലയില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിയമിച്ച സായുധ പോലീസിന്റെ ആയുധങ്ങള്‍ക്ക് പകരം ലാത്തി നല്‍കി പണിമുക്ക് ദിവസങ്ങളില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഇക്കാരണത്താല്‍ നിലവിലുള്ള പോലീസുകാരുടെ ജോലിഭാരം കുറക്കാന്‍ സാധിച്ചു.
മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് അധികമായി നിയമിച്ച സായുധപോലീസിനെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും സേനയെ പിന്‍വലിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ സായുധ പോലീസിന്റെ കാവല്‍ കുറച്ച് ദിവസം കൂടി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
അപരിചിതരെ കണ്ടെത്തി എന്ന് പറയുന്ന വനങ്ങളില്‍ പലപ്പോഴും ദിവസങ്ങള്‍ക്ക് ശേഷമാണ് തിരച്ചില്‍ നടത്തിയത്. ഇക്കാരണത്താല്‍ മാവോവാദികളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും ആരോപണമുയര്‍ന്നു.