Connect with us

Malappuram

കരുളായിയില്‍ സംഘര്‍ഷം; നിരവിധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

നിലമ്പൂര്‍: കരുളയിയിലും പരിസരങ്ങളിലും ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവിധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് വ്യാപാര സ്ഥാപനങ്ങളും ഒരു വാഹനവും എസ് ഡി പി ഐ ഓഫീസും തകര്‍ത്തു. വാരിക്കല്‍ സ്വദേശി ചേലക്കാടന്‍ ശിഹാബുദ്ദീ (30)നാണ് പരുക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ശിഹാബുദ്ദീനെ നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30നാണ് സംഭവങ്ങളുടെ തുടക്കം. വാരിക്കല്‍ ടൗണില്‍ നില്‍ക്കുന്നതിനിടെ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് ശിഹാബുദ്ദീന്‍ പോലീസില്‍ മൊഴി നല്‍കി.
അക്രമത്തിന് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് പുവ്വത്തി ഉസമാന്‍, പിതാവ് ഉമ്മര്‍ എന്നിവരുടെ വീടുകള്‍ക്ക് വാഹനത്തിനും നേരെ കല്ലേറുണ്ടായി. വീടുകളുടെ ജനലിന്റെ ഗ്ലാസും വാഹനത്തിന്റെ ഗ്ലാസും കല്ലേറില്‍ തകര്‍ന്നു. കരുളായി ടൗണിലെ പൊന്നോത്ത് ഉമ്മറിന്റെ ഹോട്ടല്‍, അമ്പലപ്പടിയിലെ പൊന്നോത്ത് ബഷീറിന്റെ ലേഡീസ് ഡ്രസ് ഷോപ്പ് എന്നിവക്ക് നേരെയാണ് അക്രമമുണ്ടായത്. പോലീസ് എത്തി സംഘര്‍ഷം ഒഴിവാക്കിയെങ്കിലും വൈകുന്നേരം വീണ്ടും സംഘര്‍ഷം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് വാരിക്കല്‍ നിവാസികള്‍ ടൗണില്‍ പ്രകടനം നടത്തുകയും പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. എസ് ഡി പി ഐ ഓഫീസി ഒ ഫര്‍ണിച്ചറുകള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ അക്രമത്തില്‍ പരുക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിഹാബുദ്ദീനെയും കൂടെയുണ്ടായിരുന്ന വാരിക്കല്‍ കോഴിശ്ശേരി അനീഷ്, നൈതക്കോടന്‍ മുജീബ് എന്നിവരേയും വൈകീട്ട് ഏഴരയോടെ ഒരു സംഘം ആളുകള്‍ ആശുപത്രിയിലെത്തി മര്‍ദിച്ചു. അക്രമകാരികള്‍ ഉടന്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആരെയും പിടികൂടാനായില്ല.
പോലീസിന്റെ ലാത്തിവീശലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 26ന് വാരിക്കലിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുംപടിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവം. രാത്രി വൈകിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി എട്ടുമണിയോടെ ടൗണിലെ എല്ലാ കടകളും പോലീസ് അടപ്പിച്ചു. ടൗണില്‍ കൂടി നിന്നവരെ പിരിച്ചുവിടുകയും ചെയ്തു.