സൈനികനെയും അഭിഭാഷകനെയും മര്‍ദിച്ച എസ് ഐയെ സ്ഥലം മാറ്റി

Posted on: March 7, 2013 2:56 pm | Last updated: March 7, 2013 at 2:56 pm
SHARE

കൊയിലാണ്ടി: ക്ഷേത്രോത്സവം കാണാനെത്തിയ സൈനികനെയും അഭിഭാഷകനെയും ഭാര്യയേയും മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം നേരിട്ട കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ് ഐ. ബി കെ സിജുവിനെ സ്ഥലം മാറ്റി. മുക്കം പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
അരിക്കുളം ഒറവിങ്കല്‍ ക്ഷേത്രത്തിലെത്തിയ കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. കെ ടി ശ്രീനിവാസന്‍, ഭാര്യ ഡോ. ജയശ്രീ, സൈനികന്‍ പനന്തൊടി മീത്തല്‍ ബിജു എന്നിവരെയാണ് കഴിഞ്ഞ ദിവസം എസ് ഐ മര്‍ദിച്ചത്.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ സൈനികന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കലാപത്തിന് നേതൃത്വം കൊടുക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അഭിഭാഷകനായ ശ്രീനിവാസന് ഇന്നലെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ബാര്‍ അസോസിയേഷന്റേയും വിവിധ സംഘടനകളുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രി തലത്തിലുള്ള ഇടപെടലുണ്ടായതോടെയാണ് എസ് ഐയെ സ്ഥലം മാറ്റിയത്.