Connect with us

Kozhikode

കൊടുവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ എല്‍ ഡി എഫ് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

Published

|

Last Updated

കൊടുവള്ളി: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തെത്തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. രാവിലെ 11 മണിക്ക് യോഗ നടപടികള്‍ ആരംഭിച്ച ഉടന്‍ എല്‍ ഡി എഫിലെ കെ ബാബു തെരുവ് വിളക്ക് സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. എന്നാല്‍ വ്യക്തമായ മറുപടി പറയാന്‍ പ്രസിഡന്റ് തയ്യാറായില്ലെന്നാരോപിച്ച് എല്‍ ഡി എഫിലെ ഒമ്പത് അംഗങ്ങളും മുദ്രാവാക്യം വിളിയുമായി മീറ്റിംഗ് ഹാളിന്റെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ട സമരം യോഗം നിര്‍ത്തിവെക്കും വരെയും തുടര്‍ന്നു. 1350 രൂപക്ക് വിപണിയില്‍ ലഭിക്കുന്ന ലൈറ്റ് 1750 രൂപ പ്രകാരമാണ് ഗ്രാമപഞ്ചായത്ത് വാങ്ങിയതെന്നും ആയിരം ലൈറ്റുകള്‍ വാങ്ങിയതായി രേഖയുണ്ടെങ്കിലും എണ്ണത്തില്‍ ക്രമക്കേട് നടന്നതായും എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു. ഓരോ വാര്‍ഡിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ അതത് വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കാറുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കുന്ന ചിലര്‍ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും വീടുകള്‍ക്ക് മുമ്പിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ദേശീയ പാതയില്‍ മാത്രമേ ലൈറ്റുകള്‍ സ്ഥാപിക്കുകയുള്ളൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മാസങ്ങളായി തെരുവ് വിളക്കുകള്‍ കേടായി കിടക്കുകയാണ്. പഞ്ചായത്ത് വാങ്ങിയ ലൈറ്റുകള്‍ 23 വാര്‍ഡുകളിലേക്കും വീതം വെക്കണമെന്ന നിര്‍ദേശമാണ് പ്രതിപക്ഷമായ എല്‍ ഡി എഫ് സ്വീകരിച്ചത്. ചില പഞ്ചായത്ത് അംഗങ്ങള്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പണം കൈപ്പറ്റിയതായും എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
യോഗ നടപടികള്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച എല്‍ ഡി എഫ് മെമ്പര്‍മാര്‍ കൊടുവള്ളി അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന വിശദീകരണ യോഗത്തില്‍ മെമ്പര്‍മാരായ കെ ബാബു, വായൊളി മുഹമ്മദ് മാസ്റ്റര്‍, സി പി നാസര്‍ കോയ തങ്ങള്‍, കാരാട്ട് ഫൈസല്‍, കെ ശ്രീധരന്‍ നായര്‍ സംസാരിച്ചു.