Connect with us

Kozhikode

താരിഫ് പരിഷ്‌കരണം പൊതുജന നിര്‍ദേശം കേട്ടശേഷം: റെഗുലേറ്ററി കമ്മീഷന്‍

Published

|

Last Updated

കോഴിക്കോട്: പൊതുജനങ്ങളില്‍ നിന്നുളള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട ശേഷം മാത്രമെ താരിഫ് പരിഷ്‌കരണം സംബന്ധിച്ച് തീരുമാനിക്കുകയുളളു വെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സംസ്ഥാനത്തെ രണ്ടാമത്തെ സിറ്റിംഗിനുശേഷം ചെയര്‍മാന്‍ ടി എം മനോഹരന്‍, ടെക്‌നിക്കല്‍ മെമ്പര്‍ പി പരമേശ്വരന്‍ എന്നിവരാണ് ഇക്കാര്യമറിയിച്ചത്. ഒരു ഹിയറിംഗ് കൂടിയാണ് ഇനി നടക്കാനുളളത്.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 80 ശതമാനവും ഉപയോഗിക്കുന്നത് ഗാര്‍ഹിക ഉപഭോക്താക്കളാണെങ്കിലും ഇവരില്‍ നിന്നുളള വരുമാനം മൊത്തം റവന്യൂവിന്റെ 28 ശതമാനം മാത്രമാണെന്ന് സിറ്റിംഗില്‍ അവതരിപ്പിച്ച നടപ്പുവര്‍ഷത്തെ വരവു ചെലവു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നടപ്പുവര്‍ഷം 112.8 ലക്ഷം അധിക ഉപഭോക്താക്കളുണ്ട്. മണ്‍സൂണ്‍ മഴയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യത്തില്‍ താഴെയാണ്. അതിനാല്‍ പുറത്തുനിന്ന് വൈദ്യുതി ലഭിച്ചേ തീരു. വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ പി ദിനേശ് അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
സിറ്റിംഗില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍, അലങ്കാര മത്സ്യകൃഷി ഗ്രൂപ്പുകള്‍, ചെറുകിട വ്യവസായ സംരംഭകര്‍, ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍, ഐസ്പ്ലാന്റ്- റസ്റ്റോറന്റ് ഉടമകള്‍ തുടങ്ങിയവര്‍ കമ്മീഷനു മുമ്പില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചു.

Latest