ഫലസ്തീന്‍ കുട്ടികള്‍ക്ക് ഇസ്‌റാഈല്‍ തടവില്‍ പീഡനം

Posted on: March 7, 2013 11:11 am | Last updated: March 18, 2013 at 5:49 pm
SHARE
palestinian-arrest_2502004b
ഇസ്‌റാഈല്‍ സേനക്കെതിരെ കല്ലെറിഞ്ഞതിന്റെ പേരില്‍ ഫലസ്തീന്‍ ബാലനെ പിടിച്ചുവെച്ചപ്പോള്‍

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ കുട്ടികളെ ഇസ്‌റാഈല്‍ സേന തടവിലിട്ട് പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്ര സഭ ചില്‍ഡ്രന്‍ ഫണ്ട്. ഇസ്‌റാഈലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി എഴുനൂറ് ഫലസ്തീന്‍ കുട്ടികളെ ഇസ്‌റാഈല്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പന്ത്രണ്ടിനും പതിനേഴിനും ഇടക്ക് പ്രായമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് നടപടി. സേനക്കെതിരെ കല്ലെറിഞ്ഞതിന്റെ പേരിലാണ് കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളില്‍ വീടുകളില്‍ റെയ്ഡ് നടത്തിയാണ് സേന കുട്ടികളെ അറസ്റ്റ് ചെയ്യുന്നത്.
തീര്‍ത്തും മനുഷ്യത്വരഹിതമായാണ് കുട്ടികളോട് സേന പെരുമാറുന്നതെന്നും ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാനസികമായും ശാരിരികമായും കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. നിയമ സഹായം ലഭ്യമാക്കുന്നതിനും സൈന്യം തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇസ്‌റാഈല്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല.