Connect with us

Editorial

സോഷ്യലിസ്റ്റ് ബദലിന്റെ പ്രയോക്താവ്

Published

|

Last Updated

വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ റാഫേല്‍ ഷാവേസ് കൊണ്ടാടപ്പെടുന്നത് അമേരിക്കയുമായി അദ്ദേഹംനടത്തിയ കൊമ്പ് കോര്‍ക്കലുകളുടെ പേരിലാണ്. അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളും വെല്ലുവിളികളും കൂസലില്ലാത്ത ശരീരഭാഷയുമൊക്കെയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ ചട്ടക്കൂടുകളിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ട സോഷ്യലിസ്റ്റ് പാത തുറന്നുവെന്നതാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സോഷ്യലിസത്തിലുള്ള ആത്മവിശ്വാസം അതിന്റെ പ്രയോക്താക്കളെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ക്ക് പോലും നഷ്ടമാകുകയും സ്വകാര്യ മേഖലക്ക് നിര്‍ണായക സ്ഥാനമുള്ള മിശ്ര സാമ്പത്തിക ക്രമത്തിലേക്ക് അവയെല്ലാം ചുവട് മാറുകയും ചെയ്യുമ്പോഴാണ് സോഷ്യലിസ്റ്റ് ബദല്‍ സൃഷ്ടിക്കാന്‍ ഷാവേസ് ശ്രമിച്ചത്. എണ്ണ സമ്പത്ത് ദേശസാത്കരിച്ചും വിദേശ കമ്പനികളെ പുറത്താക്കിയും സ്വദേശിവത്കരണത്തിന് അദ്ദേഹം തയ്യാറായി. ഇത് വെനിസ്വേലയെ സാമ്പത്തികമായി മുന്നോട്ട് നടത്തിയെന്നത് ഈ വഴി തിരഞ്ഞെടുക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.

അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുക മറ്റൊരു ആത്മവിശ്വാസനിര്‍മിതിയുടെ കൂടി പേരിലാകും. അത് രാഷ്ട്രീയ ആത്മവിശ്വാസങ്ങളാണ്. അമേരിക്ക നേതൃത്വം നല്‍കുന്ന ശാക്തിക ചേരിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഭയമാണ്. തങ്ങളെ നയിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളോ നയതന്ത്ര ബന്ധങ്ങളോ ഒന്നും അവരെ അമേരിക്കന്‍ വിധേയത്വത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. ആ ധീരത തന്നെയാണ് പ്രശ്‌നം. അമേരിക്കന്‍ ചേരി അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങളും വിലക്കുകളും അത്രക്ക് മാരകമാണ്. ഇറാന്‍, ക്യൂബ, ഉത്തര കൊറിയ, ലിബിയ, സിറിയ… ഈ ഉപരോധങ്ങളുടെ ഇരകള്‍ നിരവധിയുണ്ട്. ഇന്ന് അമേരിക്കയുടെ സൗഹൃദത്തിനായി ആരെയും തള്ളിപ്പറയാന്‍ മടി കാണിക്കാത്ത ഇന്ത്യയെപ്പോലും നിര്‍ണായക ഘട്ടത്തില്‍ വെറുതെ വിടില്ലെന്ന് പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷമുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ അമേരിക്കന്‍ കോപത്തിനിരയായ രാജ്യങ്ങളുമായി പ്രത്യേക സൗഹൃദം സ്ഥാപിക്കുകയും അവരെ അകമഴിഞ്ഞ് സഹായിക്കുകയും വഴി അമേരിക്കയോട് വിധേയപ്പെടാതെ നില്‍ക്കാനുള്ള (പരിമിതമായെങ്കിലും) ആത്മവിശ്വാസം പകര്‍ന്ന് നല്‍കാന്‍ ഷാവേസിന് സാധിച്ചു. മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് പകരമായി പ്രായോഗിക സോഷ്യലിസത്തിന്റെ പുതിയ വഴി പണിതുവെന്നത് തന്നെയാണ് ലോകജനതക്ക് ഷാവേസിനെ പ്രിയങ്കരാനാക്കുന്നത്.

ഇരട്ട വ്യക്തിത്വമുണ്ട് ഷാവേസിന്. രാഷ്ട്രീയത്തില്‍ വരണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ബേസ്‌ബോള്‍ കളിക്കാരനാകാന്‍ കൊതിച്ച യുവാവായിരുന്നു അദ്ദേഹം. പിന്നീട് സൈനികനായി. സൈനിക അട്ടിമറിക്ക് ശ്രമിച്ചു. പരാജയപ്പെട്ടു. ജയിലിലടക്കപ്പെട്ടു. കൈക്കരുത്തില്‍ തന്നെയായിരുന്നു വിശ്വാസം. ആയുധബലത്തിലും യൂനിഫോമിലും വിശ്വസിച്ചു. അതേ ഷാവേസിനെ പിന്നെ കാണുന്നത് ജനാധിപത്യത്തിന്റെ ഉപകരണങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുന്ന ജനകീയ നേതാവായാണ്. ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കുള്ള സഞ്ചാരമായിരുന്നു അത്.
ഷാവേസില്‍ സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ആരോപിക്കാവുന്ന നിരവധി ഘടകങ്ങള്‍ കാണാനാകും. തന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്ന ഹിതപരിശോധനക്ക് ശ്രമിച്ചത് മാത്രം മതി ഇതിന് ഉദാഹരണം. 2007ല്‍ കൊണ്ടുവന്ന ഹിതപരിശോധനാ പ്രമേയം ജനങ്ങള്‍ തള്ളുകയാണ് ചെയ്തത്. 14 വര്‍ഷത്തെ ഭരണ കാലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിപരീതദിശയിലായിരുന്നു ഷാവേസിന്റെ നയങ്ങളെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

ഷാവേസിന്റെ കീഴില്‍ വെനിസ്വേല എത്രമാത്രം ജനാധിപത്യപരമായിരുന്നുവെന്നത് വരും ദിനങ്ങളിലാണ് കാണാന്‍ പോകുന്നത്. കരുത്തനായ നേതാവിന്റെ ശൂന്യതയില്‍ കെട്ടഴിച്ച് വിട്ടതുപോലെ വെനിസ്വേലന്‍ ജനത അണിതെറ്റിപ്പോകുന്നുവെങ്കില്‍ ഷാവേസ് മോഡലിന്റെ കരുത്ത് സംശയത്തിന്റെ നിഴലിലാകും. മുതലാളിത്തം കാണിക്കുന്ന പച്ചിലക്ക് പിറകേ പോകുന്നതാണ് പതിവ് കാഴ്ച. എത്ര ദൃഢമായ ദേശീയതയെയും അപ്രസക്തമാക്കാനുള്ള ശേഷി മുതലാളിത്തത്തിനുണ്ട്. മായിക സംഗീതത്തില്‍ മതിമറന്ന് സമുദ്രത്തിലേക്ക് നീങ്ങുന്നവരുടെ കൂട്ടത്തിലേക്ക് വെനിസ്വേലന്‍ ജനതയും അണിചേര്‍ന്നേക്കാം. ല്ല, ഷാവേസിന്റെ കരുതലും ലാറ്റിനമേരിക്കന്‍ ജനപക്ഷ രാഷ്ട്രീയവും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ഷാവേസില്ലാത്ത വെനിസ്വേലക്ക് സാധിക്കുന്നുവെങ്കില്‍ അതായിരിക്കും അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മാരകം.

 

Latest