കുഞ്ഞിനെ വിറ്റ മാതാവും മുത്തശ്ശിയും പിടിയില്‍

Posted on: March 7, 2013 12:33 am | Last updated: March 7, 2013 at 12:33 am
SHARE

കൊല്ലം: അവിഹിത ബന്ധത്തിലുണ്ടായ പിഞ്ചുകുഞ്ഞിനെ ലക്ഷം രൂപക്ക് വിറ്റ യുവതിയും മാതാവും പോലീസ് പിടിയില്‍. കുളത്തൂപ്പുഴ ചോഴിയക്കോട് മൈലമൂട് ലക്ഷം വീട് കോളനിയില്‍ ഒ എല്‍ എച്ച് നമ്പര്‍ 67-ല്‍ സിന്ധു (26), മാതാവ് കുഞ്ഞി (58) എന്നിവരാണ് പിടിയിലായത്.
വിധവയായ സിന്ധു വര്‍ഷങ്ങളായി അന്യ വീടുകളില്‍ വീട്ടുജോലിക്ക് നിന്നുവരികയായിരുന്നു. സ്വന്തം വീട്ടില്‍ മാതാവ് കുഞ്ഞിയും സിന്ധുവിന്റെ ആദ്യ വിവാഹത്തിലെ എട്ട് വയസ്സുകാരിയായ മകളും മാത്രമാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച പിഞ്ചുകുഞ്ഞുമായി വീട്ടിലെത്തുമ്പോഴാണ് സിന്ധു പ്രസവിച്ച വിവരം നാട്ടിലറിയുന്നത്. എന്നാല്‍, പുറത്തുപോയ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കൂടെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഈരാറ്റുപേട്ട സ്വദേശിയായ ഒരാള്‍ക്ക് ഒരു ലക്ഷം രൂപക്ക് കുട്ടിയെ വിറ്റതായുള്ള സിന്ധുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസ് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയേയും വാങ്ങിയ ആളിനേയും ഈരാറ്റുപേട്ട പോലീസ് കണ്ടെത്തിയതായാണ് സൂചന.