Connect with us

Thiruvananthapuram

തത്കാലം രാജി വേണ്ട

Published

|

Last Updated

തിരുവനന്തപുരം:വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ തത്കാലം രാജിവെക്കേണ്ടതില്ലെന്ന് കെ പി സി സി ഏകോപന സമിതി. ഇക്കാര്യത്തില്‍ ഉയര്‍ന്ന വിവാദത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമിതി മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി. പി സി ജോര്‍ജിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഗണേഷ്‌കുമാര്‍ രാജി സന്നദ്ധത അറിയിച്ച് മുഖ്യന്ത്രിക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് അടിയന്തരമായി സര്‍ക്കാര്‍ കെ പി സി സി ഏകോപന സമിതി യോഗം ചേര്‍ന്നത്. എന്നാല്‍, മന്ത്രിക്കെതിരെ രേഖാമൂലമുള്ള പരാതി ലഭിക്കാതെ എങ്ങനെ രാജിവെക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചു. ഗണേഷ് കുമാര്‍ രാജിവെക്കേണ്ടതില്ലെന്ന പൊതു വികാരമാണ് ഉള്ളതെന്ന് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും ഗണേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. ചികിത്സയിലുള്ള മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെയും നിലപാട് അറിയിച്ചു. ടി എന്‍ പ്രതാപന്‍ നേരിട്ടെത്തി ഗണേഷിന് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ അറിയിച്ചു. മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് ജനത, ആര്‍എസ് പി-ബി, കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗവും രാജിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ഗണേഷിനെ പിന്തുണച്ച് കുറുമുന്നണി രൂപപ്പെടുന്ന അവസ്ഥ സംജാതമായതോടെയാണ് തത്കാലം നടപടിയൊന്നും വേണ്ടെന്ന പൊതു നിലപാടിലേക്കെത്തിയത്. കേരള കോണ്‍ഗ്രസ് ഒഴികെയുള്ളവര്‍ ജോര്‍ജിനെതിരെ നടപടി വേണമെന്ന് ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ ഉന്നയിക്കും. ചൊവ്വാഴ്ച രാത്രി 11ന് ശേഷം ക്ലിഫ് ഹൗസിലെത്തിയാണ് ഗണേഷ് മുഖ്യമന്ത്രിയോട് രാജിസന്നദ്ധത അറിയിച്ചത്. രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും പി സി ജോര്‍ജ് ചീഫ് വിപ്പായി തുടരുമ്പോള്‍ മന്ത്രിയായി തുടരാനില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ട്. മന്ത്രിസ്ഥാനം രാജിവച്ചാല്‍ എം എല്‍ എ സ്ഥാനം ഒഴിയുമെന്നും വീണ്ടും പത്തനാപുരത്ത് മത്സരിച്ച് തിരികെ നിയമസഭയിലെത്തുമെന്നും ഗണേഷ് പറഞ്ഞു. ഗണേഷിന്റെ രാജി ആവശ്യപ്പെടാത്തതു പോലെതന്നെ, പി സി ജോര്‍ജിനെതിരെയും തത്കാലം നടപടിയൊന്നും വേണ്ടെന്ന് യോഗം തീരുമാനിച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ഈ വിഷയത്തില്‍ തീരുമാനമെടുക്കട്ടെയെന്നും യോഗം നിലപാടെടുത്തു.

 

---- facebook comment plugin here -----

Latest